പി ടിക്ക് ജന്മനാടിന്റെ വിട; കൊച്ചിയിലെ പൊതുദര്‍ശനം വൈകും, സംസ്‌കാരം വൈകിട്ട്

കൊച്ചി>>അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എം എല്‍ എയുടെ സംസ്‌കാരം ഇന്ന്. കൊച്ചി രവിപുരം ശ്മശാനത്തില്‍ വൈകിട്ട് 5.30നാണ് സംസ്‌കാരം. മതപരമായ ചടങ്ങുകള്‍ ഒഴിവാക്കി ആകും ചടങ്ങുകള്‍ നടക്കുക.

ഇന്ന് പുലര്‍ച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചു. ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്.

ഇടുക്കി ബിഷപ്പ് മാര്‍ ജോണ്‍ നെല്ലിക്കുന്നേലും, പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം ഇപ്പോള്‍ തൊടുപുഴയിലേക്ക് കൊണ്ടുപോകുകയാണ്. ഏഴരയോടെ തൊടുപുഴ രാജീവ് ഭവനില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

ഒന്‍പത് മണിയോടെ പിടിയുടെ മൃതദേഹം പാലാരിവട്ടത്തെത്തിക്കും. 6.30ന് പാലാരിവട്ടത്ത് എത്തിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മൃതദേഹം ആദ്യം എറണാകുളം ഡിസിസി ഓഫീസിലും തുടര്‍ന്ന് ടൗണ്‍ ഹാളിലുമെത്തിക്കും. രാഹുല്‍ ഗാന്ധി എംപി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെത്തി അന്തിമോപചാരം അര്‍പ്പിക്കും.

കഴിഞ്ഞ മാസമാണ് അര്‍ബുദ ചികിത്സയ്ക്കായി പി ടി തോമസ് വെല്ലൂരിലെ ആശുപത്രിയില്‍ എത്തിയത്. ഇന്നലെ രാവിലെ 10.15നായിരുന്നു അന്ത്യം. മുന്‍ എം. പിയായ അദ്ദേഹം നിലവില്‍ കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റും തൃക്കാക്കര എം.എല്‍.എയും ആയിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →