കോഴിക്കോട്>>> ”ഞാനുള്‍പ്പെടെ ഇരുപത് പേര് ചേര്‍ന്നാണ് മോന്സണ് മാവുങ്കലിന് പത്ത് കോടി രൂപ വായ്പയായി കൊടുത്തത്. ഇതില്‍ രണ്ടു കോടി രൂപയും എന്റേതാണ്. ചങ്ങാതിമാരാകട്ടെ എന്റെ വാക്ക് വിശ്വസിച്ച് പണം കൊടുത്തതാണ് ‘; ആസൂത്രിത തട്ടിപ്പിന് ഇരയായ കൊടിയത്തൂരിലെ പ്രവാസി വ്യവസായി യാക്കൂബ് പുറായില്‍ പറയുന്നു.
ദുബായ്, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ കണ്‍സ്ട്രക്ഷന്‍ ബിസിനസാണ് ഇദ്ദേഹത്തിന്. ഉന്നതതല ബന്ധങ്ങള്‍ കൂടി ബോദ്ധ്യപ്പെടുത്തിയാണ് മോന്സണ് വലിയ തുക കൈപ്പറ്റിയത്. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും പണം കിട്ടാതിരുന്നപ്പോള്‍ സംശയമായി. പല തവണ അദ്ദേഹത്തിന്റെ വീട്ടിലെത്തിയെങ്കിലും കാര്യമുണ്ടായില്ല. ഉയര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം അറിയാവുന്നതുകൊണ്ടുതന്നെ പൊലീസ് സ്റ്റേഷനിലോ ജില്ലാ പൊലീസ് മേധാവിയ്ക്കോ പരാതി നല്കിയാല് മുക്കിക്കളയുമെന്ന് തോന്നിയതുകൊണ്ടാണ് മുഖ്യമന്ത്രിയ്ക്ക് നേരിട്ട് നല്‍കിയത്. എന്റെ വാക്ക് കേട്ട് പണം കൈമാറിയ ചങ്ങാതിമാരുടെ കാര്യത്തിലുമുണ്ട് ബാദ്ധ്യത.
നാലു വര്‍ഷം മുമ്ബ് ചങ്ങാതിയായ അനൂപ് മുഖേനയാണ് മോന്സണ് മാവുങ്കലിനെ പരിചയപ്പെടുന്നത്. അപൂര്‍വ പുരാവസ്തുക്കള്‍ വില്പനയായ വകയില്‍ വിദേശങ്ങളില്‍ നിന്ന് 2. 62 ലക്ഷം കോടി രൂപ ലഭിക്കാനുണ്ടെന്നും ഇത് കേന്ദ്ര ഏജന്‍സികള്‍ ഇതു തടഞ്ഞുവച്ചിരിക്കുകയാണെന്നും മറ്റും ധരിപ്പിച്ച ശേഷം കേസ് നടത്തിപ്പിന് രണ്ട് കോടി രൂപ ഉടന്‍ കിട്ടിയാല്‍ കൊള്ളാമെന്നും പറഞ്ഞു. പണം കിട്ടുന്നതോടെ 50 കോടി രൂപ പലിശരഹിതവായ്പയായി നല്‍കാമെന്നായിരുന്നു വാഗ്ദാനം.
പിന്നീട് അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോള്‍ സംശയങ്ങളെല്ലാം മാറി. വീടിന്റെ വലിപ്പവും പുരാവസ്തു ശേഖരവുമെല്ലാം കണ്ടതോടെ ഇയാള്‍ കോടീശ്വരന് തന്നെയെന്നു ഉറപ്പിച്ചു. ആരെയും വശത്താക്കാനാവുന്ന ആ വാക്സാമര്‍ത്ഥ്യത്തില്‍ വീണുപോയി. വീട്ടില്‍ വെച്ചുതന്നെയാണ് ആദ്യം പണം കൈമാറിയത്.
ഏറെ ചെല്ലുംമുമ്ബ് കേസിന്റെ തുടര്നടപടികള്ക്കെന്ന് പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടു. ആ സമയത്ത് എന്റെ പക്കല്‍ പണമുണ്ടായിരുന്നില്ല. അങ്ങനെയാണ് പലരില്‍ നിന്നായി എട്ടു കോടി കൂടി സംഘടിപ്പിച്ചു കൊടുത്തത്.
മോന്‍സണിന്റെ വീട്ടില്‍ പല തവണ കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെ കണ്ടിട്ടുണ്ട്. ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണ്‍, മുന്‍ ഡി.ജി.പി, മറ്റു ഉന്നത ഐ.എ.എസ്, ഐ.പി.എസ് ഓഫീസര്‍മാര്‍ തുടങ്ങിയവരെയും അവിടെ കണ്ടിരുന്നു. സുധാകരനുമായി സൗഹൃദം പങ്കിടുന്ന നിമിഷങ്ങളുടെ വീഡിയോ കൂടി കാണിച്ച് തന്നിട്ടുണ്ട് മോന്സണ്.
Follow us on