പൂച്ചെണ്ടും പ്രതീക്ഷിച്ചല്ല ജോലിക്ക് ഇറങ്ങിയതെന്ന് ഡോ പ്രഭുദാസ്

-

പാലക്കാട്>> സര്‍ക്കാര്‍ ആശുപത്രി നന്നാക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായിരുന്ന ആരോപണങ്ങളാണ് തനിക്കെതിരെയുള്ളതെന്ന് ഡോ പ്രഭുദാസ്. പൂച്ചെണ്ടും പ്രതീക്ഷിച്ചല്ല ജോലിക്ക് ഇറങ്ങിയതെന്ന് പറഞ്ഞ അദ്ദേഹം തല ഉയര്‍ത്തിപ്പിടിച്ചാണ് അടുത്ത സ്ഥലത്തേക്ക് പോകുന്നതെന്നും പറഞ്ഞു.

താന്‍ ഒന്നും അട്ടപ്പാടിയില്‍ നിന്നും കൊണ്ടുപോയിട്ടില്ലെന്ന് എനിക്ക് അറിയാം. എന്റെ കൈകള്‍ എനിക്ക് അറിയാം. ഇത്തരം കല്ലേറുകള്‍ പ്രതീക്ഷിച്ച് തന്നെയാണ് ജോലിക്ക് വന്നത്. സര്‍ക്കാരിനൊപ്പം നില്‍ക്കേണ്ടവരാണ് പദ്ധതികള്‍ക്ക് തുരങ്കം വച്ചത്. താന്‍ ഈ സംവിധാനത്തിനൊപ്പം നില്‍ക്കുന്നയാളാണ്. വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നു. സ്ഥാപനത്തെ നശിപ്പിക്കാന്‍ നോക്കിയവരെ കണ്ടെത്തണം. ആശുപത്രി നന്നാക്കിയതിന് താന്‍ കുറ്റക്കാരനാണെങ്കില്‍ ആ ശിക്ഷ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

നല്ലൊരു ചികിത്സാ സംവിധാനം താന്‍ വരുമ്പോള്‍ അട്ടപ്പാടിയിലുണ്ടായിരുന്നില്ല. എന്നാല്‍ അതിനെ നല്ല നിലയിലേക്ക് വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞു. പകരക്കാരനായി വരുന്നയാള്‍ നല്ലയാളാണ്. കൂടുതല്‍ ഉയരത്തിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ സ്‌പെഷല്‍ ആശുപത്രി സൂപ്രണ്ടായ ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റിയതിന് പിന്നാലെയാണ് അദ്ദേഹത്തില്‍ നിന്നുള്ള പ്രതികരണം. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഭരണ സൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുള്‍ റഹ്‌മാനാണ് കോട്ടത്തറ ആശുപത്രിയുടെ പകരം ചുമതല.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ മിന്നല്‍ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ഡോ പ്രഭുദാസിന്റെ വിമര്‍ശനം. മന്ത്രിയുടെ സന്ദര്‍ശന സമയത്ത് അട്ടപ്പാടി നോഡല്‍ ഓഫീസറായ തന്നെ ബോധപൂര്‍വം മാറ്റിനിര്‍ത്തിയെന്നും കൈക്കൂലി ആവശ്യപ്പെട്ടത് തടഞ്ഞതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണമെന്നുമായിരുന്നു ആരോപണം. ബില്ല് മാറാന്‍ കൈക്കൂലി ആവശ്യപ്പെട്ട എച്ച്എംസി അംഗങ്ങളെ തടഞ്ഞതാണ് തനിക്കെതിരായ നീക്കത്തിന് പിന്നിലെന്നാണ് ഡോ. പ്രഭുദാസിന്റെ നിലപാട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →