
തിരുവനന്തപുരം: റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘം സംസ്ഥാനത്ത് വ്യാപകം. മൂന്ന് മാസത്തിനിടെ 60 പേരാണ് ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായതെന്ന് തിരുവനന്തപുരത്തെ റഷ്യന്‍ ഓണററി കോണ്‍സല്‍ രതീഷ് സി നായര്‍ പറഞ്ഞു. റഷ്യയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയതാണു തട്ടിപ്പ് നടത്തുന്നത്.
ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇരകളെ കണ്ടെത്തുന്നത്. ഇതിനുശേഷം ജോലി വാഗ്ദാനം ചെയ്തു അഡ്വാന്‍സ് വാങ്ങും. പിന്നീട് ടൂര്‍ വിസയോ ബിസിനസ് വിസയോ നല്‍കും. മുഴുവന്‍ പണവും നല്കി റഷ്യയില്‍ എത്തിയ ശേഷമാകും തട്ടിപ്പിനു ഇരയായെന്ന് വ്യക്തമാകുക. കാരണം ടൂര്‍ വിസയോ, ബിസിനസ് വിസയോ തൊഴില്‍ വിസയായി റഷ്യയില്‍ മാറ്റാന്‍ മാറ്റാന്‍ കഴിയില്ല.
ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപ വരെയാണ് ഓരോരുത്തര്‍ക്കും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്. ചെന്നൈയിലെ റഷ്യന്‍ കൗണ്സുലേറ്റിനേയോ തിരുവനന്തപുരത്തെ ഓണററി കോണ്സലിനെയോ പറ്റിക്കപ്പെട്ടതായി അറിയിച്ചവരുടെ കണക്ക് മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. പരാതിപ്പെടാന്‍ തയ്യാറാകാത്ത നിരവധി പേര് ഇപ്പോഴുമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പറ്റിക്കപ്പെട്ടവര്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെടണമെന്നും ഓണററി കോണ്‍സല്‍ രതീഷ് സി നായര്‍ പറഞ്ഞു.
പറ്റിക്കപ്പെട്ട നൂറോളം പേര് ഇപ്പോള്‍ മോസ്കോയില്‍ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. വ്യാജ ക മ്പനികളുടെ പേരിലും വ്യാജ വിസകള്‍ നല്‍കിയും തട്ടിപ്പ് നടത്തുന്നുണ്ട്. റഷ്യയില്‍ എത്തിയ ശേഷം സെര്‍ബിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തുന്നുണ്ട്. ഉത്തരേന്ത്യയിലെ ചില സംഘങ്ങളാണ് ഇതിന് പിന്നില്‍. 2009ല്‍ 200 ഓളം പേരെ റഷ്യയില്‍ ജോലി വാഗ്ദാനം ചെയ്തു കബളിപ്പിച്ചിരുന്നു. സമാനമായ തട്ടിപ്പാണ് ഇപ്പോള്‍ നടക്കുന്നത്.

ഏതെങ്കിലും സ്ഥാപനങ്ങള്‍ ജോലി വാഗ്ദാനം ചെയ്തു വിസ നല്കുകയാണെങ്കില് അതു പരിശോധിച്ച് ഉറപ്പുവരുത്തണം. ടൂര്‍ വിസയിലോ ബിസിനസ് വിസയിലോ പോയി ജോലക്ക് കയറാന്‍ പറ്റില്ലെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ഏതെങ്കിലും തരത്തില്‍ സംശയമുണ്ടെങ്കില്‍ കോണ്‍സുല്‍ ഓഫീസുമായി ബന്ധപ്പെടണമെന്നും രതീഷ് സി നായര്‍ പറഞ്ഞു.
Follow us on