വിഷം കഴിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടമില്ലാതെ വിട്ടു നല്‍കി

-

മഞ്ചേരി>> വിഷം കഴിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടമില്ലാതെ വിട്ടു നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് വിഷം കഴിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. പിഴവ് മനസ്സിലായതിനെ തുടര്‍ന്ന് പൊലീസ് വിഷയത്തില്‍ ഇടപെടുകയും സംസ്‌കാര ചടങ്ങുകള്‍ക്കിടെ മൃതദേഹം ഏറ്റെടുത്ത് മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയും ചെയ്തു.

പാണ്ടിക്കാട് തച്ചിങ്ങനാടം സ്വദേശി പള്ളിക്കരത്തൊടി കുഞ്ഞമ്മയുടെ മൃതദേഹമാണ് പോസ്റ്റുമോര്‍ട്ടമില്ലാതെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് വിട്ട് നല്‍കിയത്. കഴിഞ്ഞ മാസം 29 ന് വിഷം കഴിച്ച് ചികിത്സയിലായിരുന്ന കുഞ്ഞമ്മ ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്. പതിനൊന്നു മണിയോടെ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

വീട്ടിലെത്തിച്ച മൃതദേഹം സംസ്‌കരിക്കുന്നതിന് മുന്നോടിയായി അന്ത്യകര്‍മ്മങ്ങള്‍ നടത്തുന്നതിനിടെയാണ് ആശുപത്രിയില്‍ നിന്നും വിളിച്ച് മൃതദേഹം തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടത്. അല്‍പസമയത്തിനകം പൊലീസും സ്ഥലത്ത് എത്തുകയും മൃതദേഹം ഏറ്റെടുത്ത് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് തിരികെ പോകുകയും ചെയ്തു. ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ക്ക് സംഭവിച്ച വീഴ്ച്ചയാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടമില്ലാതെ വിട്ടുകൊടുക്കാന്‍ കാരണമെന്നാണ് വിവരം.സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →