
മലയാറ്റൂര്‍ അന്തര്‍ദ്ദേശീയ തീര്‍ത്ഥാടന കേന്ദ്രത്തില്‍ കുരിശുമുടി തീര്‍ത്ഥാടനം തുടങ്ങി. മലയാറ്റൂര്‍ ഇടവകയിലെ വിശ്വാസികള്‍ മലയാറ്റൂര്‍ മല കയറിയതോടെയാണ് ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന് ഔദ്യോഗികമായി തുടക്കമായത്. മലയാറ്റൂര്‍ സെന്റ് തോമസ് ദൈവാലയ വികാരി ഫാ. വര്‍ഗീസ് മണവാളന്, മലയാറ്റൂര്‍ കുരിശുമുടി സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. അലക്സ് മേയ്ക്കന്‍, ഫാ. തോമസ് മഴുവഞ്ചേരി, ഫാ. ചാക്കോ കിലുക്കന്‍, ഫാ. ഷെറിന് പുത്തന്‍പുരയ്ക്കല്‍, ഫാ. വര്‍ക്കി കാവാലിപ്പാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥനയോടെയാണ് വിശ്വാസികള്‍ മലകയറിയത്. യേശുവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിക്കുന്ന നിശ്ചല ദൃശ്യങ്ങളും ഉണ്ടായിരുന്നു. മലമുകളില്‍ ദിവ്യബലിയും വചനസന്ദേശവും ഉണ്ടായിരുന്നു. പകല്‍ സമയങ്ങളില്‍ വിശ്വാസികള്‍ക്ക് കുരിശുമുടി കയറുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 10, 11 തീയതികളിലാണ് പുതുഞായര്‍ തിരുനാള്‍. തീര്‍ത്ഥാടനകാലത്ത് രാവിലെ 6 മണി മുതല്‍ വൈകുന്നേരം ആറുമണി വരെ മാത്രമേ കുരിശുമുടി കയറാന്‍ അനുവദിക്കൂ. ഭക്തജനങ്ങള്‍ രജിസ്ട്രേഷന് കൗണ്ടറില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു വേണം മലകയറ്റം ആരംഭിക്കാന്‍. രൂപങ്ങളോ, കുരിശുകളോ മറ്റു വിശുദ്ധ വസ്തുക്കളോ തൊട്ടുമുത്താന്‍ അനുവാദമില്ല. നേര്‍ച്ചകളായി ഒന്നും തന്നെ മലമുകളില്‍ നല്‍കുന്നതല്ല. അത്ഭുത നീരുറവയില്‍ നിന്നും വെള്ളംകോരി എടുക്കുന്നതിനും അനുവാദം ഉണ്ടായിരിക്കുന്നതല്ല. മലമുകളില്‍ എല്ലാ ദിവസവും രാവിലെ 6.00 നും, 7.30 നും, 9.30 നും വൈകുന്നേരം 6.00 നും കുര്‍ബാനകള്‍ ഉണ്ടായിരിക്കും. വ്യക്തികള്‍ ഒന്നിച്ചുചേര്‍ന്ന് സംവഹിച്ചുകൊണ്ടുവരുന്ന വലിയ കുരിശുകള്‍ കുരിശുമുടിയിലേക്ക് കയറ്റുന്നത് അനുവദിക്കുന്നതല്ല. പുതുഞായര്‍ തിരുനാളിനും എട്ടാമിടത്തിനും വെള്ളി, ശനി ദിവസങ്ങളില്‍ രണ്ടു പ്രദക്ഷിണങ്ങള്‍ ഉണ്ടാകാറുണ്ട്. അതു ശനിയാഴ്ച മാത്രമാക്കിയായിരിക്കും ഈ വര്‍ഷം നടത്തുന്നത്.