പെണ്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍; പരാതി നല്‍കിയ ബന്ധുക്കള്‍ക്ക് ക്രൂരമര്‍ദനം

web-desk -

ലക്‌നോ>>> പെണ്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പരാതി നല്‍കിയ ബന്ധുക്കള്‍ക്ക് ക്രൂരമര്‍ദനം. അക്രമത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില അതീവഗുരുതരാവസ്ഥയിലാണ്. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം.

12കാരിയായ പെണ്‍കുട്ടിയുടെ ചിത്രം ഒരാള്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

ഇതില്‍ പ്രകോപിതരായ യുവാവും ബന്ധുക്കളും സംഘമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. വീട്ടിലെ സ്ത്രീകളോട് ഇവര്‍ മോശമായി പെരുമാറിയെന്നും പരാതിക്കാര്‍ ആരോപിക്കുന്നു.

പരിക്കേറ്റ 10 പേരില്‍ നാലു പേര്‍ സ്ത്രീകളാണ്. ഇവരെ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് 17 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ ഏഴു പേരെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടില്ല. കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണ്.