ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ല, ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണ്; യുവനടിയുടെ മൊഴി പൂര്‍ണമായും മുഖവിലയ്‌ക്കെടുക്കാതെ പോലീസ്

കൊച്ചി>> താന്‍ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്ന് അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവ നടിയുടെ മൊഴി.

ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടിയുടെ ഭാഷ്യമെന്നാണ് പോലീസ് നല്‍കുന്ന വിവരം. യുവനടി ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ്.

എന്നാല്‍, ഇക്കാര്യം പോലീസ് പൂര്‍ണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ അപകടനില തരണംചെയ്തിട്ടുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങള്‍ മൂലമാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹമുയര്‍ന്നിരുന്നു. കേസില്‍ കൂറുമാറിയവരുടെ സാമ്ബത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായ ഒരു യുവനടിയുടെ ആത്മഹത്യാ ശ്രമവും ദിലീപിന്റെ കേസിലെ വെളിപ്പെടുത്തലുകളുമായി യാതൊരു ബന്ധവുമില്ലെന്നാണ് വിവരമെന്ന് ക്രൈം ബ്രാഞ്ച്. പ്രസവാനന്തരമുള്ള മാനസിക സമ്മര്‍ദമാണ് യുവനടിയുടെ ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് സൂചന. എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില വീണ്ടെടുത്തു.

കൂറുമാറിയ സാക്ഷികളുടെ സാമ്ബത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെ, സാക്ഷികളില്‍ ഒരാളായ ഈ നടി ആത്മഹത്യയ്ക്കു ശ്രമിച്ചതു സമൂഹമാധ്യമങ്ങളില്‍ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. കൂറുമാറിയ ശേഷം സാക്ഷികളില്‍ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ള ഇരുപതിലേറെ സാക്ഷികള്‍ കൂറുമാറിയത് പ്രോസിക്യൂഷനു വിചാരണ വേളയില്‍ കനത്ത തിരിച്ചടിയായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →