ചടയമംഗലത്ത് ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ വൃദ്ധനെ എസ്‌ഐ റോഡിലിട്ട് മര്‍ദ്ദിച്ച കേസ്: പണം കൊടുത്ത് ഒതുക്കാന്‍ പൊലീസ് നീക്കം

-

കൊല്ലം>> ചടയമംഗലത്ത് ഹെല്‍മറ്റില്ലാത്തതിന്റെ പേരില്‍ വൃദ്ധനെ എസ്‌ഐ റോഡിലിട്ട് മര്‍ദ്ദിച്ച കേസ് പണം കൊടുത്ത് ഒതുക്കാന്‍ പൊലീസ് നീക്കം. തന്നെ സ്വാധീനിച്ച് മൊഴിമാറ്റാന്‍ എസ്‌ഐയും സംഘവും ശ്രമിച്ചെന്ന് മര്‍ദ്ദനമേറ്റ രാമാനന്ദന്‍ നായര്‍ ]പറഞ്ഞു. പരാതിക്കാരനറിയാതെ കേസ് പിന്‍വലിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.

2020 ഒക്ടോബര്‍ ഏഴിന് ലോക്ക്ഡൗണ്‍ കാലത്താണ് ചടയമംഗലം സ്വദേശികളായ രാമാനന്ദന്‍ നായരും അജിയും പൊലീസ് മര്‍ദ്ദനത്തിന് ഇരയാവുന്നത്. ഹെല്‍മറ്റില്ലാത്ത വണ്ടിയോടിച്ചു എന്ന് പറഞ്ഞാണ് വൃദ്ധനായ രാമാനന്ദന്‍ നായരെ 26-കാരനായ എസ്.ഐ തല്ലിയത്. ഇതു തടയാന്‍ എത്തിയപ്പോള്‍ അജിക്കും മര്‍ദ്ദനമേറ്റു. ഭീതിയോടെയാണ് ആ ദിവസം രാമാനന്ദന്‍ നായരും അജിയും ഇപ്പോഴും ഓര്‍മ്മിക്കുന്നത് .

തിരുവനന്തപുരത്തെ ഒരു അഭിഭാഷകനാണ് ഈ കേസില്‍ പൊലീസിനെതിരെ പരാതി കൊടുത്തത്. ഒന്നാം സാക്ഷി മര്‍ദ്ദനമേറ്റ രാമാനന്ദന്‍ നായര്‍. രണ്ടാം സാക്ഷി കൂടെയുണ്ടായിരുന്ന അജി. ഒരു വര്‍ഷവും മൂന്ന് മാസവും കഴിയുന്നു. കുറ്റപത്രം ഇതുവരെയും സമര്‍പ്പിച്ചില്ല. രാമാനന്ദന്‍ നായരെ മര്‍ദ്ദിച്ച എസ്‌ഐ സജീമിനെ സംരക്ഷിക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് പൊലീസ്. പൊലീസിന് വഴങ്ങാത്തതോടെ രാമാനന്ദനെയും അജിയേയും കള്ളക്കേസില്‍ കുടുക്കാനായി ശ്രമം. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പൊലീസുകാരെ ആക്രമിക്കാന്‍ ശ്രമിച്ചു എന്ന രീതിയില്‍ കേസെടുക്കാന്‍ ശ്രമിച്ചെങ്കിലും അതും നിലം തൊട്ടില്ല.

ഇതിനിടയിലാണ് കടയ്ക്കല്‍ കോടതിയില്‍ കേസ് പിന്‍വലിക്കാനുള്ള അപേക്ഷ പൊലീസ് നല്‍കിയത്.മര്‍ദ്ദനമേറ്റ രാമാനന്ദന് പരാതിയില്ലെന്നും അഭിഭാഷകന്‍ നല്‍കിയ പരാതി നിലനില്‍ക്കില്ലെന്നും കാട്ടിയാണ് പൊലീസിന്റെ അപേക്ഷ. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകനായ അയിക്കര എം അനില്‍കുമാര്‍ പറഞ്ഞു.

ചടയമംഗലത്തിനടുത്ത് മഞ്ഞപ്പാറ ജങ്ഷനില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് രാമാനന്ദന്‍ നായരും സുഹൃത്ത് കൊച്ചുമോനും ബൈക്കില്‍ വന്നുപെട്ടത്. രണ്ട് പേര്‍ക്കും ഹെല്‍മറ്റ് ഉണ്ടായിരുന്നില്ല. വാഹനരേഖകളും ഇല്ലായിരുന്നു . ഇതോടെ 500 രൂപ വീതം പിഴയൊടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ കൂലിപ്പണിക്കാരാണെന്നും കൈയില്‍ പണമില്ലെന്നും ഇരുവരും പറഞ്ഞതോടെയാണ് രണ്ടാളെയും ജീപ്പില്‍ കയറ്റി സ്റ്റേഷനില്‍ കൊണ്ടുപോകാന്‍ പൊലീസ് ശ്രമിച്ചത്. കൊച്ചുമോന്‍ വാഹനത്തില്‍ കയറിയെങ്കിലും രോഗിയാണെന്നും കൊണ്ടുപോകരുതെന്നും പറഞ്ഞ് രാമാനന്ദന്‍ ബഹളം വച്ചു. ഇതോടെയായിരുന്നു ബലപ്രയോഗവും തുടര്‍ന്നുളള മുഖത്തടിയും.

അടികിട്ടിയതിനു ശേഷവും താന്‍ രോഗിയാണെന്ന് രാമാനന്ദന്‍ നായര്‍ വിളിച്ചു പറയുന്നത് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ കേള്‍ക്കാം. ഇതോടെ പൊലീസ് ഇദ്ദേഹത്തെ വഴിയില്‍ ഇറക്കിവിട്ട് കൊച്ചുമോനെ മാത്രം സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ പകര്‍ത്തിയെന്നറിഞ്ഞതോടെ രാമാനന്ദന്‍ നായര്‍ മദ്യപിച്ചിരുന്നെന്നും എസ്.ഐയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നുമായി പൊലീസ് വാദം.എന്നാല്‍ മദ്യപിച്ചിരുന്നെങ്കില്‍ എന്തുകൊണ്ട് വൈദ്യപരിശോധന നടത്തിയില്ലെന്ന ചോദ്യം അവശേഷിക്കുന്നു. സംഭവം വിവാദമായതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയെ അന്വേഷണത്തിനായി കൊല്ലം റൂറല്‍ എസ്.പി നിയമിച്ചു.

വൃദ്ധനെ മര്‍ദ്ദിച്ച പ്രൊബേഷന്‍ എസ് ഐയ്‌ക്കെതിരെ ആയിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. എസ് ഐ ഷജീമിന് ഗുരുതര വീഴ്ചയുണ്ടായെന്ന് സംഭവത്തെ പറ്റി അന്വേഷിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കി. വൃദ്ധന്റെ മുഖത്തടിക്കേണ്ട സാഹചര്യം ഇല്ലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് മര്‍ദ്ദനമേറ്റ രാമാനന്ദന്‍ നായര്‍ ആവശ്യപ്പെട്ടിട്ടും വഴിയില്‍ ഉപേക്ഷിച്ച് പോയതും എസ് ഐ യുടെ വീഴ്ചയായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവം വിവാദമായതിനു പിന്നാലെ എസ്‌ഐയെ കുട്ടിക്കാനത്തേക്ക് കഠിന പരിശീലനത്തിനായി സ്ഥലം മാറ്റിയിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →