ജയിലില്‍ അടച്ചിട്ടും തീരാതെ കലി, വീണ്ടും കേസില്‍ കുടുക്കാന്‍ ശ്രമം,പൊലീസിനെതിരെ പരാതിയുമായി സഹോദരങ്ങള്‍???

-

കൊച്ചി>> സിവില്‍ കേസില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി കള്ളകേസെടുത്ത് ജയിലിലടച്ചിട്ടും കലി ഒടുങ്ങാതെ പൊലീസ്. നൂറനാട് സ്റ്റേഷനില്‍ പൊലീസ് മര്‍ദ്ദനത്തിനിരയായ സഹോദരങ്ങളായ സജിനും ഷാനുമാണ് പരാതിയുമായി രംഗത്തെത്തിയത്. ബന്ധുവീട്ടിലും നാട്ടിലും പൊലീസ് എത്തി തട്ടിപ്പുകാരാണെന്ന് പറഞ്ഞ് അപമാനിക്കുന്നതായും കള്ളകേസില്‍ കുടുക്കാന്‍ വീണ്ടും ശ്രമിക്കുന്നതായും യുവാക്കള്‍ പറഞ്ഞു

നൂറനാട് സ്റ്റേഷനില്‍ പൊലീസ് മര്‍ദ്ദനം വീഡിയോയില്‍ ചിത്രീകരിച്ചന്നെ് ബോധ്യമായപ്പോഴാണ് പൊലീസുകാര്‍ ഗൂഡാലോചന നടത്തി സഹോദരങ്ങളെ കള്ളകേസില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ പൊലീസ് മര്‍ദ്ദനത്തെക്കുറിച്ച് പരാതിയുമായി ഹൈക്കോടതിയെയും മാധ്യമങ്ങളെയും സമീപിച്ചതോടെ പൊലീസ് പിന്തുടര്‍ന്ന് ഉപദ്രവിക്കുകയാണെന്നാണ് പരാതിക്കാരുടെ ആരോപണം. പൊലീസുകാരെ ഭയന്ന് ഫര്‍ണ്ണിച്ചര്‍ കട നടത്താന്‍ മുറി വാടകയ്ക്ക് തന്നവര്‍ പലരും കട ഒഴിയാന്‍ ആവശ്യപ്പെട്ടു. മാനസികമായി തകര്‍ത്ത പൊലീസ് തൊഴിലും ഇല്ലാതാക്കുകയാണെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ യുവാക്കളെ പിന്തുടര്‍ന്ന് കള്ളകേസ് എടുക്കുകയാണെന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന നിലപാടാണ് പൊലീസിന്. സംഭവത്തില്‍ അന്വേഷണം നടത്തിയ നര്‍കോടിക് സെല്‍ ഡിവൈഎസ്പി ഉദ്യോഗസ്ഥരെ വെള്ളപൂശി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിറകില്‍ പൊലീസ് സംഘടനകളുടെ ഇടപെടലാണെന്നും ആരോപണമുണ്ട്. പൊലീസ് പിന്തുടര്‍ന്ന് ഉപദ്രവിക്കുന്നതിനെതിരെ പരാതി നല്‍കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →