പരാതി നല്‍കാനെത്തിയ വീട്ടമ്മയോട് മോശമായി പെരുമാറി; പട്ടണക്കാട് സിഐയ്‌ക്കെതിരെ പരാതി

ആലപ്പുഴ>> പരാതി നല്‍കാനെത്തിയ വീട്ടമ്മയോട് പട്ടണക്കാട് സി ഐ മോശമായി പെരുമാറിയതായി ആക്ഷേപം. അരൂര്‍ സ്വദേശിയായ ഷിനു വിനോദാണ് സി ഐക്കെതിരെ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കാറില്‍ സഞ്ചരിക്കവെ ഇവരുടെ വാഹനത്തില്‍ ബൈക്കിടിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയപ്പോഴാണ് വീട്ടമ്മയോട് പട്ടണക്കാട് സി ഐ മോശമായി പെരുമാറിയത്. ഇക്കഴിഞ്ഞ രണ്ടാം തീതിയാണ് സംഭവം. പരാതി നല്‍കാനെത്തിയ തന്നോട് ക്രിമിനലിനോടെന്ന പോലെയാണ് സി ഐ പെരുമാറിയതെന്ന് വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു.

കൊട്ടാരക്കരയില്‍ ബന്ധുവിന്റെ കല്യാണത്തില്‍ പങ്കെടുത്ത് മടങ്ങവെ പട്ടണക്കാട് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ പത്മാക്ഷി കവലയില്‍ വെച്ച് പിന്നാലെ എത്തിയ ബൈക്ക് തങ്ങള്‍ സഞ്ചരിച്ചിരുന്ന കാറിനെ ഓവര്‍ ടേക്ക് ചെയ്യുന്നതിനിടെ കാറിലിടിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് ബൈക്ക് യാത്രികരോട് സംസാരിച്ച് നില്‍ക്കുന്നതിനിടെ ബ്ലോക്ക് പഞ്ചായത്ത് അംഗം സാബുവിന്റെ നേതൃത്വത്തിലെത്തിയ സംഘം അസഭ്യം പറയുകയും കൈയേറ്റം ചെയ്യുകയും ചെയ്തതായി ഷിനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ സി ഐ മോശമായി സംസാരിക്കുകയും മക്കളുടെ മുന്നില്‍ വെച്ച് തന്നെ അപമാനിക്കുകയും ചെയ്തതായി വീട്ടമ്മയുടെ പരാതിയില്‍ പയുന്നു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്തംഗത്തിന്റെയും സി ഐയുടെയും നിര്‍ദേശ പ്രകാരം, തന്നെ കൈയേറ്റം ചെയ്ത സുധീര്‍ എന്നയാളെക്കൊണ്ട് പരാതി എഴുതി വാങ്ങുകയും തനിക്കെതിരെ കേസെടുക്കുകയും ചെയ്തതായും ഷിനി പറഞ്ഞു. അപകടത്തില്‍ തന്റെ കാറിനുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം നേടിത്തരാനോ സംഭവത്തില്‍ തനിക്കെതിരെ അസഭ്യവര്‍ഷം നടത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തവര്‍ക്കെതിരെ കേസെടുക്കുകയോ ചെയ്യാതെ മോശമായി പെരുമാറുകയും തനിക്കെതിരെ വ്യാജ പരാതി എഴുതി വാങ്ങി കേസെടുക്കുകയും ചെയ്ത പട്ടണക്കാട് സി ഐ ക്കെതിരെ നടപടിയെടുക്കണമെന്ന് ഷിനു ആവശ്യപ്പെട്ടു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →