2019-2021 കാലയളവില്‍ സാമൂഹ്യവിരുദ്ധര്‍ക്കെതിരെ കാപ്പാ നിയമ പ്രകാരം സ്വീകരിച്ച നടപടികള്‍

കൊച്ചി>>എറണാകുളം പോലീസ് റേഞ്ചിന്റെ കീഴില്‍ വരുന്ന എറണാകുളം റൂറല്‍, ജില്ലയില്‍ നിന്നും ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി സ്ഥിരമായി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന കുറ്റവാളികള്‍ക്കെതിരെ കാപ്പാ നിയമ പ്രകാരം ശക്തമായ നടപടികള്‍ സ്വീകരിക്കും. ആയതിന്റെ ഭാഗമായി ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെയും, ആയുധ നിയമത്തിലെയും, എന്‍ ഡി പി എസ് നിയമത്തിലെയും, എക്‌സ്‌പ്ലോസീവ് നിയമത്തിലെയും മറ്റും വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ഗുരുതര സ്വാഭാവമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസ്സുകളിലെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു പൊതുജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തി നിരന്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന കുപ്രസിദ്ധ ക്രിമിനലുകളായ എറണാകുളം റൂറല്‍ ജില്ലയില്‍ നിന്നുള്ള പെരുമ്പാവൂര്‍ സ്വദേശി അനസ്, വിനു വിക്രമന്‍, ഗ്രിന്റേഷ് @ ഇണ്ടാവ, ബേസില്‍, മുനമ്പം സ്വദേശി ആഷിക്, കുന്നത്തുനാട് സ്വദേശി സമദ്,രതീഷ് എന്നു വിളിക്കുന്ന കാര രതീഷ്, കുറുപ്പുംപടി സ്വദേശി ആഷിക്, അങ്കമാലി സ്വദേശി പുല്ലാനി വിഷ്ണു, നോര്‍ത്ത് പറവൂര്‍ സ്വദേശി പൊക്കന്‍ അനൂപ് എന്നു വിളിക്കുന്ന അനൂപ്, അയ്യമ്പുഴ സ്വദേശികളായ സോമി, ടോണി ഉറുമീസ്, പുത്തന്‍കുരിശ് സ്വദേശി ഡ്രാക്കുള സുരേഷ്, കുന്നത്തുനാട് സ്വദേശി സമദ്, മുളംന്തുരുത്തി സ്വദേശി അതുല്‍ സുധാകരന്‍ എന്നിവര്‍ ഉള്‍പ്പെടെ 32-ഓളം പേരെ ജയിലില്‍ അടച്ചിട്ടുള്ളതും, കൂടാതെ കിഷോര്‍, സതീഷ് @ സിംബാവേ, നിഖില്‍ കൂട്ടാല, വിനു.കെ.സത്യന്‍, ജൂഡ് ജോസഫ്, മുനമ്പം സ്വദേശികളായ ആദര്‍ശ്, വിഷ്ണുരാജ്, ഷാന്‍, വിഷ്ണു, മനു നവീന്‍, ആഷിക് പഞ്ഞന്‍, അഖില്‍ @ ഉണ്ണിപാപ്പാന്‍, അമല്‍ജിത്ത്, കുറുപ്പുപടി സ്വദേശികളായ ജോജി, വിഷ്ണു, അങ്കമാലി സ്വദേശികളായ സെഭി വര്‍ഗ്ഗീസ്, ഡിപിന്‍ യാക്കോബ്, കാലടി സ്വദേശികളായ ആഷിക്, ഡെന്‍സില്‍, ഗോഡ്‌സണ്‍, കുരുവി അരുണ്‍ എന്നു വിളിക്കുന്ന അരുണ്‍ എന്നിവര്‍ ഉള്‍പ്പെടെ 33 പേരെ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലേക്ക് എറണാകുളം റൂറല്‍ ജില്ലയില്‍ നിന്നും പുറത്താക്കിയിട്ടുള്ളതും ഉള്‍പ്പെടെ 73 ഓളം ക്രിമിനലുകള്‍ക്കെതിരെ 2019 മുതല്‍ 2021 വരെയുള്ള കാലയളവില്‍ കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുള്ളതാണ്.


പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് വിഘ്‌നം വരുത്തുന്ന രീതിയില്‍ തുടര്‍ച്ചയായി അടിപിടി കേസ്സുകളില്‍ ഉള്‍പ്പെട്ടു ഗുണ്ടാ പ്രവര്‍ത്തനങ്ങലില്‍ ഏര്‍പ്പെട്ടുവരുന്ന കുറ്റവാളികള്‍, ഒരു തലമുറയെതന്നെ നശിപ്പിക്കുന്ന വിധത്തിലുള്ള നിരോധിത മയക്കുമരുന്നിനത്തില്‍പ്പെട്ട കഞ്ചാവ്, ഹഷീഷ്, മയക്കുമരുന്ന് ഗുളികകള്‍ മുതലായ മയക്കുമരുന്നു വസ്തുക്കള്‍ കച്ചവടം നടത്തുന്ന മയക്കുമരുന്നു കുറ്റവാളികള്‍, പാരിസ്ഥിതിക വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന മണ്ണ്/മണല്‍ മാഫിയാക്കാര്‍ തുടങ്ങിയ സമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നവരെ കണ്ടെത്തി ആയവര്‍ക്കെതിരെ കാപ്പാ പ്രകാരം നടപടി സ്വീകരിക്കുന്നതിന് ശുപാര്‍ശ നല്‍കുന്നതിനായി എറണാകുളം റൂറല്‍, കോട്ടയം, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

എറണാകുളം റേഞ്ചിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് കാപ്പ നിയമ പ്രകാരമുള്ള നടപടികള്‍ ശക്തമായി തുടരുമെന്നും എറണാകുളം റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറലായ നീരജ് കുമാര്‍ ഗുപ്ത ഐ.പി.എസ് അറിയിച്ചു.