‘പോസ്റ്റ് എവിടെപോയെന്ന് പൊന്നുസാറെ അറിയാന്‍ പാടില്ല’; ‘ആക്ഷന്‍ ഹീറോ ബിജു’ പോസ്റ്റ് മുക്കി പൊലീസ്

-

തിരുവനന്തപുരം>> പൊലീസ് മര്‍ദ്ദനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ഔദ്യോഗിക ഫേസ്ബുക്കില്‍ ഇട്ട ആക്ഷന്‍ ഹീറോ ബിജു സ്വഭാവം വിടില്ലെന്ന് ഉറപ്പിക്കുന്ന പോസ്റ്റ് മുക്കി കേരള പൊലീസ്. ആക്ഷന്‍ ഹീറോ ബിജു സിനിമയില്‍ പൊലീസ് മര്‍ദ്ദനത്തിനെതിരെ സംസാരിക്കാനെത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയോട് നായകന്‍ എസ്‌ഐ ബിജു പൗലോസ് സംസാരിക്കുന്ന ചിത്രമാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നത്. ആദ്യ മീം സൈലന്റാണെന്നും രണ്ടാമത്തേത് ഞങ്ങള്‍ ഞങ്ങളുടെ കര്‍ത്തവ്യം പൂര്‍ണ ഉത്തരവാദിത്വത്തോടെ ചെയ്തിരിക്കുമെന്നുമാണ് ചിത്രത്തോട് ഒപ്പം പൊലീസിന്റെ കുറിപ്പില്‍ പറഞ്ഞിരുന്നത്. ബാക്കി ചിത്രത്തിന്റെ തുടര്‍ രംഗങ്ങള്‍ ഭാവന കൊണ്ട് ആലോചിച്ചു സമ്പന്നമാക്കണ്ട എന്ന മുന്നറിയിപ്പും പോസ്റ്റില്‍ നല്‍കിയിരുന്നു. എന്നാല്‍, പോസ്റ്റിനോട് അതിരൂക്ഷ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായത്. നല്ല ഇടി ഇടിക്കുമെന്നാണോ പോസ്റ്റ് കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പലരും കമന്റ് ചെയ്തിരുന്നു.

മറ്റൊരു കമന്റ് വന്നത് ഇങ്ങനെ: ”കേരള പൊലീസിനെ നയിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയോ പൊലീസ് ആക്ടുമോ അല്ല ധുരൈ സിങ്കത്തെയും ആക്ഷന്‍ ഹീറോ ബിജുമാരെയും പോലെയുള്ളവരാണ്. പ്രതികളെ തെറിവിളിക്കുന്നതും ഇടിച്ചു കൊല്ലുന്നതുമാണ് പൊലീസിന്റെ പണിയെന്ന് തെറ്റിധരിച്ചിരിക്കുന്നവരാണെന്ന് ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും തെളിയിക്കുന്നു” ഇത്തരം വിമര്‍ശനങ്ങള്‍ വന്ന സാഹചര്യത്തിലാണ് പോസ്റ്റ് നീക്കിയതെന്നാണ് സൂചന. ഇതു സംബന്ധിച്ച് ഔദ്യോഗിക പേജില്‍ വിശദീകരണം ഒന്നും വന്നിട്ടില്ല.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →