വനിതാ ജീവനക്കാര്‍ക്ക് നേരെ ആക്രമണം, പിടിക്കാനെത്തിയ പൊലീസിനെയും ആക്രമിച്ച് സഹോദരങ്ങള്‍

-

തിരുവനന്തപുരം>> വിതുര സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി വനിതാ ജീവനക്കാരെ ആക്രമിച്ചവരെ പിടികൂടാനെത്തിയ പൊലീസിനെയും ആക്രമിച്ച് രണ്ടംഗ സംഘം. നിരവധി കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. വിതുര തേവിയോട് സ്വദേശികളായ അജീഷ് നാഥും അനീഷ് നാഥുമാണ് അറസ്റ്റിലായത്.

ഇന്നലെ ഉച്ചയ്ക്ക് 2.30 ന് മദ്യലഹരിയില്‍ അജീഷ് നാഥ് മാര്‍ജിന്‍ഫ്രീ ഷോപ്പിലെത്തി. വനിതാ ജീവനക്കാരിയെ അസഭ്യം പറഞ്ഞപ്പോള്‍ മറ്റ് ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ ജീവനക്കാരെ കൈയേറ്റം ചെയ്ത അജീഷ് ക്യാഷ് കൗണ്ടറില്‍ കയറിയിരുന്നു. ഇതിനിടെ അജീഷിന്റെ സഹോദരന്‍ അനീഷ് നാഥും കടയിലെത്തി.

സംഭവം അറിഞ്ഞ് വിതുര പൊലീസെത്തി കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ പ്രതികളുടെ ദൃശ്യങ്ങള്‍ ഒരു പൊലീസുകാരന്‍ പകര്‍ത്തി. ഈ പൊലീസുകാരെയും പ്രതികള്‍ കൈയേറ്റം ചെയ്തു. രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ബലാല്‍സംഗം കേസുള്‍പ്പെടെ എട്ടു കേസുകള്‍ അജീഷ് നാഥിനെതിരെയുണ്ടെന്ന് പൊലീസ പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →