പിതൃതര്‍പ്പണത്തിന് പോയ അമ്മയ്ക്കും മകനും 2000 രൂപ പെറ്റി അടിച്ച് പൊലീസ്, നല്‍കിയത് 500 രൂപയുടെ രസീത്

രാജി ഇ ആർ -

ശ്രീകാര്യം>>>പിതൃതര്‍പ്പണത്തിനെത്തിയ 19കാരനില്‍ നിന്ന് ലോക്ക് ഡൗണ്‍ ലംഘിച്ചതിന് പിഴയായി 500 രൂപയുടെ രസീത് നല്‍കി 2000 രൂപ വാങ്ങിയെന്ന് പരാതി. ശ്രീകാര്യം വെഞ്ചാവോട് സ്വദേശിയായ വീട്ടമ്മയ്ക്കും വിദ്യാര്‍ത്ഥിയായ മകനുമെതിരെയാണ് ശ്രീകാര്യം പൊലീസ് പിഴ ചുമത്തിയത്. ഇന്നലെ രാവിലെ 10.30ന് ശ്രീകാര്യം മാര്‍ക്കറ്റിന് മുന്നിലാണ് സംഭവം.

ശ്രീകാര്യം പുലിയൂര്‍ക്കോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് വീട്ടില്‍ നിന്ന് കാറില്‍ പോകുമ്പോഴാണ് പൊലീസിന്റെ അതിക്രമം. ക്ഷേത്രത്തിലേക്കാണെന്ന് പറഞ്ഞപ്പോള്‍ ലോക്ക് ഡൗണ്‍ ആണെന്ന് അറിയില്ലേ എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ ആക്രോശിച്ചെന്നും തിരികെ പോകാം എന്നറിയിച്ചിട്ടും മടങ്ങിപ്പോകാന്‍ അനുവദിക്കാതെ വാഹനം ഉള്‍പ്പെടെ റോഡില്‍ തടഞ്ഞിട്ടശേഷം ഫൈന്‍ നല്‍കണമെന്ന് പൊലീസ് പറഞ്ഞെന്നാണ് ഇവര്‍ പറയുന്നത്.


ഒടുവില്‍ വിദ്യാര്‍ത്ഥി അമ്മയുടെ കാര്‍ഡും വാങ്ങി എ.ടി.എമ്മില്‍ നിന്ന് പൈസയെടുത്തെത്തിയപ്പോള്‍ വണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു.

വാഹനത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും കയറി കാര്‍ നേരെ ശ്രീകാര്യം സ്റ്റേഷനിലേക്ക് വിട്ടു. സ്റ്റേഷനിലെത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന പൊലീസുകാരന്‍ കാറിന്റെ താക്കോല്‍ വാങ്ങി റിസപ്ഷനില്‍ ഇരുന്ന പൊലീസുകാരനെ എല്പിച്ചു.

പൊലീസുകാരന്‍ സ്റ്റേഷനകത്തേക്ക് പോയി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് സംസാരിച്ച് തിരികെ വന്ന് 2000 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൈസ വാങ്ങിയ ശേഷം വിദ്യാര്‍ത്ഥിക്ക് നല്‍കിയ രസീതില്‍ 500 രൂപ മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളു.

വീട്ടിലെത്തിയശേഷം രസീത് പരിശോധിച്ചപ്പോഴാണ് തുക തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ സത്യവാങ്മൂലം പോലും ചോദിക്കാതെ തങ്ങളെ മനഃപൂര്‍വം ബുദ്ധിമുട്ടിക്കുകയായിരുന്നെന്നാണ് വിദ്യാര്‍ത്ഥി പറയുന്നത്.

എന്നാല്‍ തുക എഴുതിയതില്‍ തെറ്റുപറ്റിയതാണെന്നും മനസിലായശേഷം സ്റ്റേഷനില്‍ നിന്ന് പലതവണ വിളിച്ചെങ്കിലും ഫോണ്‍ കിട്ടിയില്ലെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു.