പിറവത്തെ കള്ളനോട്ട് വേട്ട: പിന്നില്‍ അന്തര്‍സംസ്ഥാന ലോബി; നോട്ടടിയും വിതരണവും നിയന്ത്രിക്കുന്നത് തമിഴ്‌നാട് സംഘം

രാജി ഇ ആർ -

കൊച്ചി >>>കേരളത്തെ ഞെട്ടിച്ച പിറവം ഇലഞ്ഞി കള്ളനോട്ട് കേസില്‍ ആസൂത്രണം മുഴുവന്‍ നടത്തുന്നത് തമിഴ്‌നാട് കോയമ്ബത്തൂര്‍ കേന്ദ്രീകരിച്ച സംഘമെന്ന് സൂചന. നേരത്തെയും കേരളത്തിലേക്ക് കള്ളനോട്ടുകള്‍ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘത്തെ പോലീസ് പിടികൂടിയിട്ടുണ്ട്. അ സമയത്തെല്ലാം ഇവരുടെ ബന്ധങ്ങള്‍ അന്വേഷിച്ച പൊലീസ് ചെന്നു നിന്നത് കോയമ്പത്തൂരിലെ കുപ്രസിദ്ധ കള്ളനോട്ടടി സംഘങ്ങള്‍ക്ക് മുന്നിലാണ്.

ഇലഞ്ഞി നോട്ട് അടിയും ഇതേ രീതിയില്‍ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ ഉദയംപേരൂരില്‍ പിടികൂടിയ സംഘത്തില്‍ നിന്ന് ലഭിച്ച സൂചനകളില്‍ നിന്നും കോയമ്പത്തൂരില്‍ നടത്തിയ പരിശോധനയില്‍ ഒരു കോടിയിലധികം രൂപയുടെ കള്ളനോട്ട് കണ്ടെടുത്തിരുന്നു. ഈ സംഘവുമായി ഇവര്‍ക്കുള്ള ബന്ധം പരിശോധിച്ച് വരികയാണ്. ഇലഞ്ഞിയില്‍ അച്ചടിച്ച കള്ളനോട്ടുകള്‍ സംസ്ഥാനത്തിന് പുറത്ത് വിതരണം ചെയ്യാനായിരുന്നു പദ്ധതി എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇത് സാധ്യമായില്ല.

സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും ഇത്രയും വലിയ രീതിയിലുള്ള ഉള്ള കള്ളനോട്ട് മാഫിയയെ പിടികൂടിയിട്ടില്ല. കള്ളനോട്ട് അടിക്കുന്നതിനു വേണ്ടിയുള്ള മുഴുവന്‍ സംവിധാനങ്ങളും ആയാണ് ആളൊഴിഞ്ഞ വീട്ടില്‍ ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത് .

തീവ്രവാദ വിരുദ്ധ സ്‌ക്വാര്‍ഡും പോലീസും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഏഴു ലക്ഷത്തി അന്‍പത്തിയേഴായിരം രൂപയുടെ വ്യാജ നോട്ടുകള്‍ അന്വേഷന സംഘം പിടികൂടി . പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് ത്രീവ്രവാദ വിരുദ്ധ സ്‌ക്വാര്‍ഡും പോലീസും ഇലഞ്ഞിയിലെ വീട്ടില്‍ റെയ്ഡ് നടത്തിയത് .

കേന്ദ്ര ഇന്റലിജന്‍സ് ബ്യുറോയും അന്വേഷണ സംഘത്തിനൊപ്പം ഉണ്ട് . വണ്ടിപ്പെരിയാര്‍ സ്വദേശി ആനന്ദ്, നെടുങ്കണ്ടം സ്വദേശി സുനില്‍, കോട്ടയം സ്വദേശി പയസ് , തൃശൂര്‍ സ്വദേശി ജിബി എന്നിവര്‍ ആണ് കസ്റ്റഡിയില്‍ ഉള്ളത് . വീട് വാടകയ്ക്ക് എടുത്ത പത്തനംത്തിട്ട സ്വദേശി മധുസൂദനനെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്തു.

7,57,000 രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു. അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. നോട്ട് എണ്ണുന്ന മെഷീന്‍, പ്രിന്റര്‍, നോട്ട് പ്രിന്റ് ചെയ്യുന്നു പേപ്പര്‍ അടക്കം പിടിച്ചെടുത്തു. സംഘത്തിന്റെ അന്തര്‍സംസ്ഥാന ബന്ധവും കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പെട്ടിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ് . സീരിയല്‍ നിര്‍മ്മാണത്തിന് വേണ്ടി എന്നു പറഞ്ഞാണ് ഇവര്‍ വീട് വാടകയ്ക്ക് എടുത്തിരുന്നത് .

ഇലഞ്ഞിയില്‍ നിന്നും അകത്തേക്കുള്ള വഴിയിലൂടെ ചെന്നാല്‍ മാത്രമാണ് വീട് കാണാന്‍ സാധിക്കുക . സമീപത്ത് മറ്റു വീടുകള്‍ ഒന്നും ഇല്ലാത്തത് ഇവര്‍ക്ക് കൂടുതല്‍ സൗകര്യം സൃഷ്ടിച്ചു .ആരെങ്കിലും ഇവിടെയക് എത്തുന്നത് ദൂരത്തു നിന്നു തന്നെ ഇവര്‍ക്ക് കാണാന്‍ കഴിയും. ഒരു വാഹനം മാത്രം കടന്നു പോകാന്‍ കഴിയുന്ന വഴിയായതിനാല്‍ എന്നാല്‍ വളരെ പെട്ടെന്ന് ആരും ഇവിടേക്ക് എത്തുകയുമില്ല . ഈ സാഹചര്യങ്ങളെല്ലാം മുതലാക്കി കൊണ്ടാണ് കഴിഞ്ഞ ഒമ്ബത് മാസത്തിലധികമായി ഇവിടെ കള്ളനോട്ട് അച്ചടിച്ചു കൊണ്ടിരുന്നത്.