പിണ്ടിമന പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളില്‍ കാട്ടാനകളുടെ വിളയാട്ടം., പൊറുതി മുട്ടി പ്രദേശവാസികള്‍

സ്വന്തം ലേഖകൻ -

കോതമംഗലം >>>കാട്ടാന ശല്യം മൂലം പൊറുതി മുട്ടിയിരിക്കുകയാണ് പിണ്ടിമന നിവാസികള്‍. പഞ്ചായത്തിലെ വെറ്റിലപ്പാറ ,വേട്ടാമ്പാറ ഭാഗങ്ങളില്‍ ഭീഷണി ഉയര്‍ത്തി വിഹരിച്ചിരുന്ന കാട്ടാനകൂട്ടം ഇപ്പോള്‍ പഞ്ചായത്ത് ആസ്ഥാനമായ മുത്തംകുഴി ,അയിരൂര്‍പ്പാടം ,അടിയോടി ,ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് കൂടിപ്രവേശിച്ചതോടെ ഗ്രാമ പഞ്ചായത്തിന്റെ പകുതിയിലേറെ പ്രദേശങ്ങള്‍ കാട്ടാന ഭീഷണിയുടെ നിഴലിലായി .

കഴിഞ്ഞ ദിവസം രാത്രി ഇതുവഴി കടന്നു പോയ കാട്ടാനകള്‍ നിരവധി കര്‍ഷകരുടെ കൃഷിവകകളാണ് നശിപ്പിച്ചത് . സംഭവമറിഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ജസ്സി സാജുവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ആന മടങ്ങിപ്പോയില്ല എന്ന നിഗമനത്തില്‍ വിപുലമായ തിരച്ചിലില്‍ ഏര്‍പ്പെടുകയും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു .വിവരമറിഞ്ഞ് കോതമംഗലം എസ് ഐ യുടെ നേതൃത്വത്തില്‍ പോലീസും, ഫോറസ്റ്റ് ഉന്നത ഉദ്ധ്യോഗസ്ഥരുള്‍പ്പെടെ സ്ഥലത്തെത്തി .


പതിനൊന്നാം വാര്‍ഡ് നെടുമലതണ്ടില്‍ കാടുപിടിച്ചു കിടക്കുന്ന പതിനഞ്ചേക്കറോളം സ്ഥലത്ത് കഴിഞ ഒരാഴ്ച്ചയിലേറെയായി ആനയുടെ സാന്നിധ്യമുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു .ഈ പ്രദേശത്തെ കാട് വെട്ടി തെളിച്ച് വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജനങ്ങള്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു.

ആന ഇറങ്ങിയ ഭാഗത്ത് രണ്ട് ഫോറസ്റ്റ് വാച്ചര്‍മാരെ താല്‍ക്കാലിക നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ജനങ്ങള്‍ കടുത്ത ഭീതിയിലാണ് ഉള്ളതെന്നും അടിയന്തരമായി ആനശല്യം തടയാന്‍ നടപടി എടുത്തില്ലെങ്കില്‍ സമര പ്രക്ഷോഭവുമായി രംഗത്തിറങ്ങുമെന്നും ഐ എന്‍ റ്റി യു സി താലൂക്ക് ജനറല്‍ സെക്രട്ടറി സീതി മുഹമ്മദ് പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →