നാട്ടു രുചികളെ തിരികെയെത്തിച്ച് പിണ്ടിമന സ്‌കൂളിലെ നാടന്‍ ഭക്ഷ്യമേള ‘ രുചിക്കൂട്ട് ‘ ശ്രദ്ധേയമായി

-

കോതമംഗലം>>നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം എന്ന ആശയത്തെ മുന്‍നിര്‍ത്തി നാടന്‍ ഭക്ഷണത്തിന്റെ രുചിയും പ്രാധാന്യവും കുട്ടികള്‍ക്ക് മനസ്സിലാക്കുന്നതിനായി പിണ്ടിമന ഗവ. യു പി സ്‌കൂള്‍ സംഘടിപ്പിച്ച നാടന്‍ ഭക്ഷ്യമേള രുചിക്കൂട്ട് ഏറെ ശ്രദ്ധേയമായി. മുളയരി പായസം, കൊച്ചു കൂവ, ചെറുകിഴങ്ങ്, കൊന്തവാഴ കിഴങ്ങ്, ചുട്ട കപ്പ, നീല മാറന്‍ ചേമ്പ്, മധുരക്കിഴങ്ങ്, ചെറുകിഴങ്ങ് തുടങ്ങിയവയുടെ ഭക്ഷ്യവിഭവങ്ങളും റാഗി പുട്ട്, കപ്പ പുട്ട്, പുളിയുണ്ട, വാഴ കൂമ്പ്, വാഴപ്പിണ്ടി, കാച്ചില്‍, ചേന, കപ്പ, ചക്ക, വിവിധ തരം അടകള്‍, ചമ്മന്തികള്‍, അച്ചാറുകള്‍, ജ്യൂസുകള്‍ തുടങ്ങി പുതു തലമുറക്ക് പരിചിതമല്ലാത്ത ഒട്ടേറെ നാടന്‍ വിഭവങ്ങള്‍ കാണാനും രുചിക്കാനും ഭക്ഷ്യമേളയിലൂടെ കുട്ടികള്‍ക്ക് അവസരം ലഭിച്ചു.

പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ലത ഷാജി അധ്യക്ഷത വഹിച്ചു. കോതമംഗലം ബി പി സി സജീവ് കെ ബി , സ്‌ക്കൂള്‍ എച്ച് എം അജിത വികെ , എസ്.എം.സി ചെയര്‍മാന്‍ അനീഷ് തങ്കപ്പന്‍ എന്നിവര്‍ സംസാരിച്ചു.

അധ്യാപകരായ ഷിജി ഡേവിഡ്, ലിജി.വി പോള്‍, രശ്മി ബി, ദീപന്‍ വാസു, വിനീത ചന്ദ്രന്‍ ,ദിവ്യാമോള്‍എ കെ, ബീന എ എന്‍ പി ടി എ പ്രതിനിധികള്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.. കുട്ടികള്‍ വളരെ ആവേശത്തോടെയാണ് ഭക്ഷ്യമേളയെ സ്വീകരിച്ചത്. ഫാസ്റ്റ്ഫുഡ് സംസ്‌ക്കാരത്തിന് പിറകേ പായുന്ന പുതു തലമുറക്ക് നാടന്‍ ഭക്ഷ്യമേള പുത്തന്‍ അനുഭവമാണ് പകര്‍ന്ന് നല്‍കിയത്. തങ്ങള്‍ ഇന്നുവരെയും കണ്ടിട്ടും കേട്ടിട്ടുമില്ലത്ത എന്നാല്‍ സ്വന്തം വീട്ടുവളപ്പില്‍ തന്നെയുള്ള പല വിഭവങ്ങളും കുട്ടികള്‍ കൗതുകത്തോടെയാണ് രുചിച്ചത്. കോവിഡ് പെരുമാറ്റം ചട്ടം പാലിച്ചു കൊണ്ട് രണ്ടു ബാച്ചുകളിലായാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്.വ്യത്യസ്തങ്ങളായ നൂറോളം ഭക്ഷ്യവിഭവങ്ങള്‍ മേളക്ക് കൊഴുപ്പേകി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →