
തിരുവനന്തപുരം>>>മുഖ്യമന്ത്രി പിണറായി വിജയന് തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാമെന്നും ഉപദേശിക്കാമെന്നും കെ.ടി. ജലീല്‍. അവസാന ശ്വാസം വരെ കുഞ്ഞാലിക്കുട്ടിക്കെതിരായ പോരാട്ടം തുടരുമെന്നും അദ്ദേഹം കെ.ടി. ജലീല്‍ കുറിപ്പില്‍ പറഞ്ഞു.
ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല.’ – അദ്ദേഹം കുറിച്ചു.
എ.ആര് സഹകരണബാങ്ക് തട്ടിപ്പ് കേസ് ഇ.ഡി അന്വേഷിക്കണമെന്ന കെ.ടി ജലീലിന്റെ ആവശ്യം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തള്ളിയിരുന്നു . കേരളത്തിലെ സഹകരണ മേഖല ഇ.ഡി കൈകാര്യം ചെയ്യേണ്ടതില്ല. സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്ത ആവശ്യമാണ് ജലീല്‍ ഉന്നയിച്ചത്. ഇ.ഡി ചോദ്യം ചെയ്ത ശേഷം ജലീലിന് ഇ.ഡിയില്‍ വിശ്വാസം വര്‍ധിച്ചിട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രസ്തുത വിഷയത്തില്‍ സഹകരണവകുപ്പിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും നിലവില്‍ ഹൈക്കോടതി സ്റ്റേ ഉള്ളതിനാലാണ് മുന്നോട്ടുപോകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെയുള്ള അന്വേഷണ ഏജന്‍സികള്‍ കൃത്യമായി അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ വ്യവസായ മന്ത്രിയും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ക്കെതിരെ ഗുരുതര ആരോപണവുമായാണ് കഴിഞ്ഞ ദിവസം കെ.ടി. ജലീല്‍ രംഗത്തെത്തിയത്. എ.ആര്. നഗര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 1021 കോടിയുടെ കള്ളപ്പണ ബിനാമി ഇടപാടുകളാണ് സഹകരണ വകുപ്പിന്റെ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നതെന്നും ഇതിന്റെ മുഖ്യസൂത്രധാരന്‍ കുഞ്ഞാലിക്കുട്ടിയാണെന്നുമായിരുന്നു ജലീലിന്റെ ആരോപണം.
കെ.ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം :
ജീവിതത്തില്‍ ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില്‍ പോലും ഒന്നും ആര്‍ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്ബാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്‍ വല്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്‍ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.
മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്മാര്ക്കും വലതുപക്ഷ സൈബര്‍ പോരാളികള്‍ക്കും കഴുതക്കാമം കരഞ്ഞു തീര്‍ക്കാം.

Follow us on