രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങി

രാജി ഇ ആർ -

തിരുവനന്തപുരം >>>രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ നിയമന ഉത്തരവ് ഇന്ന് പുറത്തിറങ്ങി. 20 ഇരുപത് സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 53 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍, 52 ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍ എന്നിവരുടെ നിയമന ഉത്തരവാണ് പുറത്തിറങ്ങിയത്. ഒരു സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം ഒഴിച്ചിട്ടിട്ടുമുണ്ട്. 20 സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ അഞ്ച് പേര്‍ വനിതകളാണ്.

പി. സന്തോഷ് കുമാര്‍ (വ്യവസായം), രാജേഷ് എ ( വിജിലന്‍സ്), റോബിന്‍ രാജ് (എസ് സി / എസ് ടി), എസ് യു നാസര്‍ (ക്രിമിനല്‍), കെ ബി രാമാനന്ദ് (അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്), മുഹമ്മദ് റഫീഖ് (നികുതി), താജുദ്ദീന്‍ പി പി (സഹകരണം), എം എല്‍ സജീവന്‍ (റവന്യു), രഞ്ജിത്ത് എസ് (അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ്), എം എച്ച് ഹനില്‍ കുമാര്‍ (റവന്യു), ടി പി സാജന്‍ (ഫോറസ്റ്റ്), സിറിയക് കുര്യന്‍ (ജലസേചനം) എന്നിവരാണ് മറ്റ് സ്പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാര്‍.


53 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരില്‍ രാജ്യസഭാ അംഗം ബിനോയ് വിശ്വത്തിന്റെ മകള്‍ സൂര്യ ബിനോയ്, സുപ്രീം കോടതി മുന്‍ ജഡ്ജിയും നിലവിലെ ലോകായുക്തയുമായ സിറിയക് ജോസഫിന്റെ സഹോദരി പുത്രി തുഷാര ജയിംസും ഉള്‍പെടുന്നു.

ഇവര്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ ഗവണ്‍മെന്റ് പ്ലീഡര്‍ ആയിരുന്നു. ഇത്തവണ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു.

ഗവണ്‍മെന്റ് പ്ലീഡര്‍മാരായി നിയമിതരായവരില്‍ ഏറ്റവും ശ്രദ്ധേയമായത് സുപ്രീം കോടതി അഭിഭാഷകയായ രശ്മിത രാമചന്ദ്രന്റെ പേരാണ്. സുപ്രീം കോടതിയില്‍ സിപിഎം നേതാക്കള്‍ക്കും, പോഷക സംഘടനകള്‍ക്കുമായി നിരവധി കേസുകള്‍ രശ്മിത രാമചന്ദ്രനാണ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇതില്‍ പ്രധാനപ്പെട്ടത് ജോണ്‍ ബ്രിട്ടാസിന് വേണ്ടി വാക്‌സിനേഷന്‍ കേസിലും കേസ് ഫയല്‍ ചെയ്തത് രശ്മിതയാണ്.