Type to search

ഐജിയുടെ ചെരുപ്പ് മോഷ്ടിച്ചു: കസ്റ്റഡിയിലായ പ്രതിയെ വെറുതെ വിട്ടു

Latest News Local News News

എരുമേലി>>> ക്ഷേത്രത്തില്‍ കയറും മുമ്പ് ചെരുപ്പുകള്‍ അഴിച്ചുവച്ച പോലീസ് ഐജി ദര്‍ശനം കഴിഞ്ഞ് നോക്കുമ്പോള്‍ തന്റെ മാത്രം ചെരുപ്പുകളില്ല. ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ പരിസരമാകെ തെരഞ്ഞതിനൊടുവില്‍ പ്രതിയെ കണ്ടതും ഞെട്ടി. ഒരു തെരുവ് നായ ആണ് ചെരുപ്പുകള്‍ അപഹരിച്ചത്. ഈ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകം എരുമേലി സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമില്‍ കണ്ടതാണ് ‘പ്രതിയെ’ പിടികൂടാനുള്ള തുമ്പ് ആയത്.

വ്യാഴാഴ്ച വൈകുന്നേരം എരുമേലി ശ്രീ ധര്‍മ ശാസ്താ ക്ഷേത്രത്തിലാണ് സംഭവം. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐജി പി. വിജയന്‍ ശബരിമല ദര്‍ശനത്തിനായി പോകുന്നതിനിടെ എരുമേലി ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ്പാദരക്ഷകള്‍ ഊരി മുറ്റത്ത് വച്ചത്. ഒപ്പമുണ്ടായിരുന്നവരും ചെരുപ്പുകള്‍ അഴിച്ചു മാറ്റി വെച്ചിട്ടാണ് ദര്‍ശനത്തിന് പ്രവേശിച്ചത്. ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങാന്‍ എത്തുമ്പോഴാണ് ചെരുപ്പുകള്‍ നഷ്ടപ്പെട്ടത് അറിഞ്ഞത്.

അതേസമയം ഒപ്പമുണ്ടായിരുന്നവരുടെ ചെരുപ്പുകളെല്ലാം യഥാസ്ഥാനത്തുണ്ടായിരുന്നു. അഞ്ച് മിനിറ്റോളം പരിസരത്ത് തെരഞ്ഞിട്ട് കണ്ടെത്താനാകാതെ വന്നതോടെ എരുമേലി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം. മനോജ് സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു.

ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ കെ.എന്‍. അനീഷിന് തത്സമയ ദൃശ്യങ്ങള്‍ കണ്ടെടുക്കാന്‍ രണ്ട് മിനിട്ട് പോലും വേണ്ടി വന്നില്ല. ചെരുപ്പുമായി തെരുവ് നായ മറ്റ് നായകള്‍ക്കൊപ്പം ഇരിക്കുന്ന ക്ഷേത്ര മുറ്റത്തെ സ്ഥലത്ത് അപ്പോള്‍ തന്നെ പോലീസ് എത്തി. ‘പ്രതി’ ഓടിയില്ലെങ്കിലും തൊണ്ടി മുതല്‍ നല്‍കാന്‍ വിസമ്മതം കാട്ടിയില്ല.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.