തുടര്‍ച്ചയായ 22 ദിവസമായി രാജ്യത്തെ ഇന്ധനവിലയില്‍ മാറ്റമില്ല

രാജി ഇ ആർ -

ന്യൂഡല്‍ഹി>>>തുടര്‍ച്ചയായ 22 ദിവസമായി രാജ്യത്തെ ഇന്ധനവിലയില്‍ മാറ്റമില്ല. പെട്രോള്‍, ഡീസല്‍ വില ജൂലൈ 17 മുതല്‍ ഒരേ നിരക്കിലാണ്. പെട്രോള്‍ ലിറ്ററിന് 100 രൂപയിലധികം ആയെങ്കിലും ഇത്രയും ദിവസങ്ങള്‍ക്കിടെ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചിട്ടില്ല.

ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 101.84 രൂപയും ഡീസല്‍ വില 89.87 രൂപയുമായി തുടരുന്നു. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 107.83 രൂപയ്ക്കും ഡീസലിന് ഒരു ലിറ്ററിന് 97.45 രൂപയ്ക്കും വാങ്ങാം.

ചെന്നൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 102.49 രൂപയും ഡീസലിന് ലിറ്ററിന് 94.39 രൂപയുമാണ്. കൊല്‍ക്കത്തയില്‍ പെട്രോളിന് ലിറ്ററിന് 102.08 രൂപയും ഡീസലിന് 93.02 രൂപയുമാണ്. ഭോപ്പാലില്‍ പെട്രോളിന് 110.20 രൂപയും ഡീസലിന് ഒരു ലിറ്ററിന് 98.67 രൂപയുമാണ് വില.

ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുള്‍പ്പെടെയുള്ള എണ്ണ വിപണന കമ്പനികളാണ് പെട്രോളിന്റെയും ഡീസലിന്റെയും വില പുതുക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മണിക്ക് പുതിയ വിലകള്‍ നടപ്പിലാക്കും. മൂല്യവര്‍ദ്ധിത നികുതികള്‍, പ്രാദേശിക, ചരക്ക് ചാര്‍ജുകള്‍ എന്നിവയെ ആശ്രയിച്ച് സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും വ്യത്യസ്ത ഇന്ധന വിലകളുണ്ട്.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ പെട്രോളില്‍ നിന്നുള്ള എക്‌സൈസ് തീരുവ ശേഖരണം 2014-15ലെ 29,279 കോടിയില്‍ നിന്ന് 167 ശതമാനം ഉയര്‍ന്ന് 2019 – 20ല്‍ 78,230 കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തെ നികുതി വര്‍ദ്ധനവ് കാരണം 2020 – 21 ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഇത് 89,575 കോടി രൂപയായി ഉയര്‍ന്നു.

ഡീസലിലും സമാനമായ വര്‍ധനയുണ്ടായി, എക്‌സൈസ് ശേഖരം 2014-20ല്‍ 42,881 കോടിയില്‍ നിന്ന് 2019-20 ല്‍ 1,23,166 കോടി രൂപയായി വര്‍ദ്ധിച്ചു. 2020-21 ഏപ്രില്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവില്‍ ഇത് 2,04,906 കോടി രൂപയായി ഉയര്‍ന്നു.

സര്‍ക്കാരിന്റെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലില്‍ (പിപിഎസി) നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് വില്‍പന നികുതി, പെട്രോളിയം, എണ്ണ, ലൂബ്രിക്കന്റുകള്‍ എന്നിവയുടെ മൂല്യവര്‍ദ്ധിത നികുതി എന്നിവയുടെ രൂപത്തില്‍ സംസ്ഥാന ഖജനാവിന് ലഭിക്കുന്ന സംഭാവന 2014-15ല്‍ 137,157 കോടിയില്‍ നിന്ന് 46 ശതമാനം വര്‍ദ്ധിച്ചു. 2019-20 ല്‍ വരുമാനം 200,493 കോടി രൂപ വരെ ഉയര്‍ന്നു. 2020-21 ലെ ആദ്യ ഒമ്ബത് മാസക്കാലത്തെ വരുമാനം 135,693 കോടി രൂപയായിരുന്നു.

മെയ് 4 മുതല്‍ പശ്ചിമബംഗാള്‍, കേരളം, അസം, തമിഴ്‌നാട്, പുതുച്ചേരി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് ഇന്ധനവില വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു.

അവസാനമായി സംഭവിച്ച വിലമാറ്റം ജൂലൈ 17നാണ്, അതിനുശേഷം നിരക്കുകളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. എന്നിരുന്നാലും, ഇത് ഇപ്പോഴും രാജ്യത്തുടനീളമുള്ള ഇന്ധനനിരക്കിനെ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുന്നു.