LOADING

Type to search

അതിഥി തൊഴിലാളികളുടെ അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസ് യാത്രയില്‍ കഞ്ചാവ് മാഫിയയും,ജില്ലയിലേക്ക് ഒഴുകുന്നത് കോടികള്‍

Latest News Local News News

പെരുമ്പാവൂര്‍>>>അതിഥി തൊഴിലാളികളുടെ മറവില്‍ കള്ളകടത്തും കഞ്ചാവും പെരുമ്പാവൂരില്‍ സജീവം. അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേകം നടത്തുന്ന ബസ് സര്‍വീസിന് മറവില്‍ കഞ്ചാവ് കടത്തും കള്ളനോട്ടും സജീവമാകുന്നുവെന്ന് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡും പൊലീസും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അതിഥി തൊഴിലാളികള്‍ ജീവിക്കുന്ന സ്ഥലമാണ് പെരുമ്പാവൂര്‍. അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ബസ് സര്‍വീസില്‍ കഞ്ചാവ് കടത്ത് നടക്കുന്നതായി ആരോപണമുണ്ടായിരുന്നു.

കഴിഞ്ഞദിവസം പശ്ചിമബംഗാളില്‍ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുവന്ന 150 കിലോ കഞ്ചാവാണ് പിടികൂടിയത്.പെരുമ്പാവൂര്‍ – ആലുവ സ്വദേശികളായ സഞ്ജയ്, നിതീഷ് കുമാര്‍, ഫാരിസ് മാഹിന്‍, അജീഷ്, സുരേന്ദ്രന്‍ എന്നിവരെയാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടിയത്.
അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേകം നടത്തുന്ന ബസ് സര്‍വീസിന് മറവില്‍ കഞ്ചാവ് കടത്ത് നടക്കുന്നതായി ലഭിച്ച വിവരത്തേ തുടര്‍ന്നായിരുന്നു പരിശോധന.

കല്‍ക്കട്ടയില്‍ നിന്ന് 50 അതിഥി തൊഴിലാളികളുമായി വന്ന 40H 452 നമ്പര്‍ റാവൂസ് ട്രാവല്‍സ് ടൂറിസ്ററ് ബസില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.70 പാക്കറ്റുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സേലം കന്യാകുമാരി ദേശീയപാതയില്‍ പാലന ആശുപത്രിക്ക് സമീപം പടിഞ്ഞാറെ യാക്കര എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു മുന്‍ വശത്തുള്ള സര്‍വീസ് റോഡില്‍ വച്ച് കഞ്ചാവ് കൈമാറ്റം നടത്തുന്നതിനിടെയായിരുന്നു പരിശോധന.രണ്ട് ആഡംബര കാറുകളിലെത്തിയ സംഘമാണ് പിടിയിലായത്.


സ്റ്റേറ്റ്എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ തലവനായയ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.പ്രതികളെ പാലക്കാട് എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ പാര്‍ടിക്ക് കൈമാറി. വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ് കയറ്റിയതെന്നാണ് നിഗമനം.

അണക്കപ്പാറ ചെക്കപോസ്റ്റില്‍ കള്ള് റെയ്ഡ് നടത്തിയ സംഘമാണ് പരിശോധന നടത്തിയത്. എറണാകുളം സ്വദേശിയായ സലാം എന്നയാള്‍ക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിലാണ് എക്‌സൈസ്.
3 ദിവസമെടുക്കുന്ന സര്‍വീസില്‍ പിന്നിടുന്ന ദൂരം 3500 കിലോമീറ്ററാണ്.കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ബിഹാര്‍, ഒഡീഷ, ബംഗാള്‍, അസം ഉള്‍പ്പെടെ 8 സംസ്ഥാനങ്ങള്‍ കടന്നാണ് ബസ് പെരുമ്പാവൂരിലെത്തുന്നത്.


ലോക്ഡൗണ്‍ കാലത്തു മടങ്ങിപ്പോയ അതിഥിത്തൊഴിലാളികളെ തിരികെക്കൊണ്ടുവരാന്‍ ഇതര സംസ്ഥാനങ്ങളിലേക്ക് ആരംഭിച്ച ടൂറിസ്റ്റ് ബസ് സര്‍വീസുകളാണു സ്ഥിരം സര്‍വീസാകുന്നത്. ബംഗാള്‍, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങളിലേക്കാണു ബസ് സര്‍വീസ്.

ലോക്ഡൗണ്‍ ഇളവുണ്ടായ ആദ്യകാലത്തു 7,000 രൂപ മുതല്‍ 10,000 രൂപ വരെയായിരുന്നു ഒരാള്‍ക്കു ടിക്കറ്റ് ചാര്‍ജ്.
ട്രെയിനില്‍ നാട്ടിലേക്കു പോയാല്‍ സ്റ്റേഷനുകളില്‍ നിന്നു ബസില്‍ മണിക്കൂറുകള്‍ യാത്ര ചെയ്താണു തൊഴിലാളികള്‍ക്കു വീട്ടിലെത്താന്‍ കഴിഞ്ഞിരുന്നത്.

ഉത്തരേന്ത്യയിലെയും വടക്കുകിഴക്കന്‍ ഇന്ത്യയിലെയും ഉള്‍ഗ്രാമങ്ങളില്‍ നിന്നു വരുന്ന തൊഴിലാളികള്‍ക്കു വീടിനു സമീപത്തുളള ചെറുടൗണുകളിലെ സ്റ്റോപ്പുകളില്‍ ഇറങ്ങാന്‍ കഴിയുമെന്നതാണു ബസ് യാത്രയുടെ സവിശേഷത.

ജില്ലയില്‍ നിന്ന് ഇത്തരം നൂറോളം ബസുകളാണു സര്‍വീസ് നടത്തുന്നത്. പ്രത്യേകിച്ച് പെരുമ്പാവൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അന്തര്‍ സംസ്ഥാന ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്.പെരുമ്പാവൂരില്‍ നിന്നു ബംഗാളിലെ ഡോംകുലിലേക്കു വിമാന ടിക്കറ്റിന്റെ നിരക്കായിരുന്നു ബസിനും ആദ്യം.

ഇന്നു കുറഞ്ഞ ചെലവില്‍ കേരളത്തിലെ മിക്കവാറും പട്ടണങ്ങളില്‍ നിന്നു സര്‍വീസുണ്ട്.സംസ്ഥാനത്തെ പല ജില്ലകളില്‍ നിന്നും കോവിഡ് കാലത്ത് നടന്ന വാഹനപരിശോധനകളില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
ഇത്തരം ബസുകളില്‍ ഒരു വകുപ്പും പരിശോധന നടത്താറില്ലെന്നതാണ് യാഥാര്‍ഥ്യം. കഞ്ചാവ് മുതല്‍ ആയുധങ്ങള്‍ വരെ കടത്തിയാലും ആരും പിടികൂടുകയില്ല എന്നതാണ് ഇത്തരക്കാരുടെ ധൈര്യം.ഇതാണ് ന്യൂജനറേഷന്‍ ലഹരികടത്തിന്റെ പുതുവഴി. ഉപജീവനം തേടിയുള്ള ഇതരസംസ്ഥാനക്കാരുടെ കേരളത്തിലേക്കുള്ള യാത്രയില്‍ മറ്റൊരു സംഘം വലിയ പരിശ്രമമില്ലാതെ ലക്ഷങ്ങളും കോടികളുമാണ് നേടുന്നത്.

ബസ് നാട്ടിലെത്തുമ്പോള്‍ മറ്റ് വാഹനത്തിലേക്കോ കാറിലേക്കോ മാറ്റുമ്പോളായിരിക്കും എക്‌സൈസിന്റെ പിടിയിലാകുന്നത്.കഞ്ചാവിന്റെ കൂടെ ബസ് ഡ്രൈവറും ക്ലീനറും പിടിയിലാകും. കഞ്ചാവ് കടത്തല്‍ ആര്‍ക്കുവേണ്ടിയാണെന്നോ, എങ്ങോട്ടാണെന്നോ പിടിയിലാകുന്ന ഡ്രൈവറിനും ക്ലീനറിനും യാതൊരു അറിവുമില്ല.ബസ് സ്ഥലത്തെത്തിയാല്‍ കാറുമായി സംഘം സ്ഥലത്തെത്തിയിരിക്കും. അവിടെ വച്ച് ബസില്‍ നിന്ന് കാറിലേക്ക് കഞ്ചാവ് കൈമാറ്റം ചെയ്യും. ഇങ്ങനെ കൈമാറ്റം ചെയ്യുന്ന സമയത്താണ് എക്‌സൈസിന്റെ പിടിയിലാകുന്നത്.

ബസിന്റെ ഡ്രൈവറിനും ക്ലീനറിനും നിശ്ചിത തുക ലഭ്യമാകുന്നതിനാല്‍ പാഴ്‌സല്‍ കൈമാറാന്‍ അവരും മടികാണിക്കുന്നില്ല.ഈ കോവിഡ് സമയത്ത് ബാറ്റയേക്കാള്‍ കൂടുതല്‍ പൈസ കഞ്ചാവ് കടത്തുന്നവരില്‍ നിന്നു കിട്ടുമ്പോള്‍ ഡ്രൈവറുമാരും ക്ലീനര്‍മാരും ക്യാഷ് വേണ്ടെന്ന് വെക്കുന്നില്ല, അത് കൊണ്ട് എന്ത് റിസ്‌ക് എടുത്തും ഇവര്‍ കഞ്ചാവ് കടത്താന്‍ കൂട്ടു നില്‍ക്കുന്നു

ഉന്നത വ്യക്തികളുമായി ബന്ധമുളളവരുടെ സ്വാധീനമാണ് അന്തര്‍ സംസ്ഥാന മയക്കുമരുന്ന് കച്ചവടം സംസ്ഥാനത്തൊട്ടാകെ വ്യാപകമാകാന്‍ കാരണം.മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുതിയ തലമുറ ഏറ്റവും കൂടുതല്‍ മയക്കുമരുന്നും കഞ്ചാവും ഉപയോഗിക്കുന്നത് കേരളത്തിലാണ്. ആന്ധാപ്രദേശില്‍ ഒരു കിലോ കഞ്ചാവ് രണ്ടായിരം രൂപയ്ക്ക് കിട്ടുമ്പോള്‍ കേരളത്തിലെത്തുമ്പോഴേക്കും അത് നാല്‍പതിനായിരം രൂപയോ അതിന് മുകളിലേക്കോ കൂടുന്നുമുണ്ട്.


അതേസമയം,കോവിഡ് ഭീതിയില്‍ അന്തര്‍ സംസ്ഥാന പാതകളില്‍ ഗതാഗതം കുറഞ്ഞതുംകഞ്ചാവ് കടത്തുന്ന സംഘങ്ങള്‍ മുതലാക്കി. ചെക്ക് പോസ്റ്റുകളില്‍ കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും വാഹനങ്ങളിലെ കര്‍ശന പരിശോധന കുറഞ്ഞതാണ് കഞ്ചാവ് മാഫിയ മറയാക്കുന്നത്.
സമീപകാലത്തായി കോവിഡ് ജാഗ്രത കര്‍ശനമാക്കിയതോടെ അതിര്‍ത്തിയില്‍ യാത്രക്കാരുടെ ആരോഗ്യസ്ഥതി പരിശോധിക്കുന്നുണ്ടെങ്കിലും വാഹനങ്ങള്‍ പൂര്‍ണ്ണമായി പരിശോധിക്കുന്നതിനുള്ള സാഹചര്യമില്ല.വാഹനങ്ങളിലെ സൂക്ഷ്മമായ പരിശോധന കുറഞ്ഞതോടെയാണ് കഞ്ചാവ് കടത്ത് സംഘങ്ങള്‍ സജീവമായത്.

ലോക്ക്ഡൌണ്‍ മൂലം അനേകം യുവാക്കള്‍ക്ക് ജോലി നഷ്ട്ടപെട്ടതു മൂലം കഞ്ചാവ് കടത്താന്‍ ക്യാരിയര്‍മാരായി പോകുന്നുമുണ്ട്.സംസ്ഥാനത്ത്കഞ്ചാവ് പിടിച്ചെടുത്ത ചെറുപ്പക്കാരില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ഉള്ളവര്‍ വരെ ഉണ്ട്, പല തവണ പോകുമ്പോള്‍ നല്ലൊരു തുക ലഭ്യമാകും.

സമീപ കാലങ്ങളില്‍ ചെറിയ പാക്കറ്റിലായിരുന്നു കഞ്ചാവ് കടത്തുന്നതെങ്കിലും ഇന്ന് 150 കിലോ വരെയാണ് അന്യ സംസ്ഥാനത്തു നിന്ന് കേരളത്തിലേക്ക് ഒഴുകുന്നത്. അത്രയ്ക്കും സ്വാധീനമുണ്ട് കഞ്ചാവ് മാഫിയയ്ക്കുണ്ട്. ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ മറിയുന്ന ബിസിനസ്. പെരുമ്പാവൂരില്‍ പിടികൂടിയ 150 കിലോ കഞ്ചാവ് പോലും എറണാകുളത്തെ ഗുണ്ടയ്ക്കു വേണ്ടിയാണ് കടത്തിയതെന്നു പിടിയിലവര്‍ പറഞ്ഞു.

കഞ്ചാവ് മാഫിയയെ തടയിടാന്‍ സംസ്ഥാന ഗവണ്‍മെന്റ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഉന്നത സ്വാധീനമുള്ളവര്‍ കണ്ണടയ്ക്കുമ്പോള്‍ ലക്ഷങ്ങളും കോടികളുമാണ് പെരുമ്പാവൂരിലേക്ക് ഒഴുകുന്നത്.പെരുമ്പാവൂരില്‍ നിന്നും കോതമംഗലത്തേക്കും കഞ്ചാവ് കടത്തല്‍ സജീവമാണ്. കഞ്ചാവ് പിടികൂടിയാലും ഒരറ്റത്തെ കണ്ണിയെമാത്രമാണ് പിടികൂടുന്നത്

. കഞ്ചാവിന്റെ ഒഴുക്ക് തടയിടാന്‍ കോതമംഗലത്തെ എക്‌സൈസ് സ്‌ക്വാഡും ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജില്ലയിലേക്കുള്ള കോടികളുടെ ഒഴുക്ക് നിയന്ത്രണവിധേയമാകൂ.അന്തര്‍സംസ്ഥാന ബസുകളില്‍ പരിശോധന കര്‍ശനമാക്കുകയും , അതിര്‍ത്തികളില്‍ ചെക്കിങ്ങ് കര്‍ശനമാക്കുകയും ചെയ്താല്‍ മാത്രമേ പെരുമ്പാവൂരിലേക്കും കോതമംഗലത്തേക്കും ഒഴുകുന്ന കഞ്ചാവിനെ നിയന്ത്രിക്കാന്‍ സാധിക്കൂ.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.