LOADING

Type to search

അതിഥി തൊഴിലാളികളുടെ ബസ് സര്‍വീസിന് മറവില്‍ വന്‍കഞ്ചാവ് കടത്ത് : പശ്ചിമബംഗാളില്‍ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുവന്ന 150 കിലോ കഞ്ചാവ് പിടികൂടി

Latest News Local News News

പെരുമ്പാവൂര്‍>>>പശ്ചിമബംഗാളില്‍ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുവന്ന 150 കിലോ കഞ്ചാവ് പിടികൂടി. പെരുമ്പാവൂര്‍ ആലുവ സ്വദേശികളായ സഞ്ജയ്, നിതീഷ് കുമാര്‍, ഫാരിസ് മാഹിന്‍, അജീഷ്, സുരേന്ദ്രന്‍ എന്നിവരെയാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്.

അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി പ്രത്യേകം നടത്തുന്ന ബസ് സര്‍വീസിന് മറവില്‍ കഞ്ചാവ് കടത്ത് നടക്കുന്നതായി ലഭിച്ച വിവരത്തേ തുടര്‍ന്നായിരുന്നു പരിശോധന.കല്‍ക്കട്ടയില്‍ നിന്ന് 50 അഥിതി തൊഴിലാളികളുമായി വന്ന 440H 452 നമ്പര്‍ റാവൂസ് ട്രാവല്‍സ് ടൂറിസ്‌ററ് ബസില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.
70 പാക്കറ്റുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സേലം കന്യാകുമാരി ദേശീയപാതയില്‍ പാലന ആശുപത്രിക്ക് സമീപം പടിഞ്ഞാറെ യാക്കര എന്‍.എസ്.എസ് കരയോഗ മന്ദിരത്തിനു മുന്‍ വശത്തുള്ള സര്‍വീസ് റോഡില്‍ വച്ച് കഞ്ചാവ് കൈമാറ്റം നടത്തുന്നതിനിടെയായിരുന്നു പരിശോധന.രണ്ട് ആഡംബര കാറുകളിലെത്തിയ സംഘമാണ് പിടിയിലായത്.

സ്റ്റേറ്റ്എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ തലവനായയ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.അനില്‍കുമാറിനെ കൂടാതെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ കെ. വി. വിനോദ്, ആര്‍ ജി രാജേഷ്, ടി. ആര്‍. മുകേഷ്‌കുമാര്‍, എസ്. മധുസൂദനന്‍ നായര്‍,സി സെന്തില്‍ കുമാര്‍ , ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ മുസ്തഫ ചോലയില്‍, രാജ്കുമാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വിശാഖ്, പി സുബിന്‍, എസ് ഷംനാദ് , ആര്‍ രാജേഷ് മുഹമ്മദ്അലി, അനീഷ് എക്സൈസ് ഡ്രൈവര്‍ രാജീവ് എന്നിവരാണ് ടീമില്‍ ഉണ്ടായിരുന്നത്പ്രതികളെ പാലക്കാട് എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ പാര്‍ടിക്ക് കൈമാറി.

വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ് കയറ്റിയതെന്നാണ് നിഗമനം. അണക്കപ്പാറ ചെക്കപോസ്റ്റില്‍ കള്ള് റെയ്ഡ് നടത്തിയ സംഘമാണ് പരിശോധന നടത്തിയത്. എറണാകുളം സ്വദേശിയായ സലാം എന്നയാള്‍ക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിലാണ് എക്സൈസ്.

3 ദിവസമെടുക്കുന്ന സര്‍വീസില്‍ പിന്നിടുന്ന ദൂരം 3500 കിലോമീറ്ററാണ്.കടന്നുപോകുന്ന സംസ്ഥാനങ്ങള്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ബിഹാര്‍, ഒഡീഷ, ബംഗാള്‍, അസം ഉള്‍പ്പെടെ 8സംസ്ഥാനങ്ങളില്‍ കൂടി കടന്നാണ് കേരളത്തിലെത്തുന്നത്.

ലോക്ഡൗണ്‍ കാലത്തു മടങ്ങിപ്പോയ അതിഥിത്തൊഴിലാളികളെ തിരികെക്കൊണ്ടുവരാന്‍ ഇതര സംസ്ഥാനങ്ങളിലേക്ക് ആരംഭിച്ച ടൂറിസ്റ്റ് ബസ് സര്‍വീസുകളാണു സ്ഥിരം സര്‍വീസാകുന്നത്. ബംഗാള്‍, ഒഡീഷ, അസം എന്നീ സംസ്ഥാനങ്ങളിലേക്കാണു ബസ് സര്‍വീസ്. ലോക്ഡൗണ്‍ ഇളവുണ്ടായ ആദ്യകാലത്തു 7,000 രൂപ മുതല്‍ 10,000 രൂപ വരെയായിരുന്നു ഒരാള്‍ക്കു ടിക്കറ്റ് ചാര്‍ജ്.

ട്രെയിനില്‍ നാട്ടിലേക്കു പോയാല്‍ സ്റ്റേഷനുകളില്‍ നിന്നു ബസില്‍ മണിക്കൂറുകള്‍ യാത്ര ചെയ്താണു തൊഴിലാളികള്‍ക്കു വീട്ടിലെത്താന്‍ കഴിഞ്ഞിരുന്നത്. ഉത്തരേന്ത്യയിലെയും വടക്കുകിഴക്കന്‍ ഇന്ത്യയിലെയും ഉള്‍ഗ്രാമങ്ങളില്‍ നിന്നു വരുന്ന തൊഴിലാളികള്‍ക്കു വീടിനു സമീപത്തുളള ചെറുടൗണുകളിലെ സ്റ്റോപ്പുകളില്‍ ഇറങ്ങാന്‍ കഴിയുമെന്നതാണു ബസ് യാത്രയുടെ സവിശേഷത.

ജില്ലയില്‍ നിന്ന് ഇത്തരം നൂറോളം ബസുകളാണു സര്‍വീസ് നടത്തുന്നത്. പെരുമ്പാവൂരില്‍ നിന്നു ബംഗാളിലെ ഡോംകുലിലേക്കു വിമാന ടിക്കറ്റിന്റെ നിരക്കായിരുന്നു ബസിനും ആദ്യം. ഇന്നു കുറഞ്ഞ ചെലവില്‍ കേരളത്തിലെ മിക്കവാറും പട്ടണങ്ങളില്‍ നിന്നു സര്‍വീസുണ്ട്.

പരിശോധന നടത്താറില്ലെന്നതാണ് യാഥാര്‍ഥ്യം. കഞ്ചാവ് മുതല്‍ ആയുധങ്ങള്‍ വരെ കടത്തിയാലും ആരും പിടികൂടുകയില്ല എന്നതാണ് ഇത്തരക്കാരുടെ ധൈര്യം. അതിനാല്‍ വന്‍തോതില്‍ കഞ്ചാവും ആയുധങ്ങളും കടത്താറുണ്ട്. ഇപ്പോള്‍ പിടികൂടിയ സംഘങ്ങള്‍ നേരത്തെയും കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.