പെരിയ ഇരട്ടക്കൊലപാതക കേസ്; തൊണ്ടിമുതലുകള്‍ കോടതിക്ക് കൈമാറി

രാജി ഇ ആർ -

കാസര്‍ഗോഡ്>>>പെരിയ ഇരട്ടക്കൊലപാതക കേസില്‍ കസ്റ്റഡിയിലെടുത്ത ആയുധങ്ങളടക്കമുള്ള തൊണ്ടിമുതലുകള്‍ കാസര്‍കോട് സി.ജെ.എം കോടതി എറണാകുളം സി.ബി.ഐ കോടതിക്ക് കൈമാറി. കൊലപാതകത്തിനുപയോഗിച്ച ആയുധങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ചാണ് തൊണ്ടിമുതലുകള്‍ കൈമാറിയത്.

കൊലപാതകം ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്ത മൂന്നു വടിവാളുകള്‍ അഞ്ച് ഇരുമ്പ് ദണ്ഡുകള്‍, കേസിലെ മൂന്നാം പ്രതി സംഭവസമയത്ത് ധരിച്ചിരുന്ന രക്തം പുരണ്ട ഷര്‍ട്ട് അടക്കം 65 സാധനങ്ങളാണ് കൈമാറിയത്.

അതേ സമയം കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ നല്‍കിയ താത്കാലിക ജോലിയില്‍ നിന്നും പ്രതികളുടെ ഭാര്യമാരെ ഒഴുവാക്കി. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് നടപടി. ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കിയ നടപടിക്കെതിരെ യു.ഡി.എഫും യൂത്ത് കോണ്‍ഗ്രസ്സും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

മറ്റ് ജോലി ലഭിച്ചതുകൊണ്ട് ഇവര്‍ സ്വമേധയാ ജില്ലാ ആശുപത്രിയിലെ താത്കാലിക ജോലിയില്‍ നിന്നും രാജിവെക്കുകയായിരുന്നെന്നാണ് ഔദ്യോഗിക വിശദീകരണം. സി.പി.എമ്മിന്റെ നിയന്ത്രണത്തില്‍ കാസര്‍കോട് ചെങ്കളയിലുള്ള സഹകരണ ആശുപത്രിയില്‍ മൂന്നു പേര്‍ക്കും ജോലി നല്‍കിയതായാണ് വിവരം.