ഒരു ക്വിന്റല്‍പേന; കാസര്‍കോട് ജില്ലാ കലക്ടറേറ്റില്‍ നിന്ന് ശേഖരിച്ച പേനകളുടെ തൂക്കം

web-desk -

കാസര്‍കോട്>>>കാസര്‍കോട് ജില്ലാ കളക്ട്രേറ്റിലെ പെന്‍ കളക്ഷന്‍ ബോക്സില്‍ നിന്നും ശേഖരിച്ചത് ഒരു ക്വിന്റല്‍ പേനകള്‍. ഉപയോഗ ശൂന്യമായ ശേഷം അലക്ഷ്യമായി ഉപേക്ഷിക്കുന്നതിന് പകരം ജീവനക്കാര്‍ അവ കളക്ഷന്‍ ബോക്സുകളില്‍ നിക്ഷേപിച്ചു. ആറുമാസം കൊണ്ട് ശേഖരിച്ച പേനയുടെ അളവാണിത്. ഹരിത കേരളം മിഷന്‍ കാസര്‍കോട് ജില്ലയില്‍ നടപ്പിലാക്കുന്ന പരിപാടിയായ പെന്‍ഫ്രണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കളക്ട്രേറ്റില്‍ പെന്‍ കളക്ഷന്‍ ബോക്സ് സ്ഥാപിച്ചത്.

രണ്ടു വര്‍ഷക്കാലമായി വിവിധ മേഖലകളില്‍ നിന്നും ഉപയോഗശൂന്യമായ പേനകള്‍ ശേഖരിച്ച് അംഗീകൃത പാഴ് വസ്തു വ്യാപാരികള്‍ക്ക് കൈമാറുന്ന പ്രവര്‍ത്തനമാണ് പെന്‍ഫ്രണ്ട് പദ്ധതിയിലൂടെ നടക്കുന്നത്. ഇതില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ 300 ലധികം വിദ്യാലയങ്ങളിലും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും പെന്‍ഫ്രണ്ട് ബോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് നിറയുന്ന മുറയ്ക്ക് അതത് സ്ഥാപനങ്ങള്‍ പ്രദേശിക പാഴ്വസ്തു വ്യാപാരികള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.

കളക്ട്രേറ്റ് പരിസരത്ത് വച്ച് നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് ഐ.എ.എസ്, ഐ.എസ്.എം.എ. കാസര്‍കോട് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ചെമ്മനാടിന് പേനകള്‍ കൈമാറി. ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി. സുബ്രഹ്‌മണ്യന്‍, അഭിരാജ്. എ.പി, ശ്രീരാജ്.സി.കെ, ഊര്‍മ്മിള.ആര്‍.കെ, കൃപേഷ്.ടി, അശ്വിന്‍.ബി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.