തിരുവല്ലയിലെ പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്;ജിഷ്ണു യുവമോര്‍ച്ച മുന്‍ഭാരവാഹി, മറ്റ് പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധമില്ല

-

തിരുവല്ല >>തിരുവല്ലയിലെ പി ബി സന്ദീപ് കുമാറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്. വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി എസ് പി ആര്‍ നിശാന്തിനി പറഞ്ഞു.

കൊലപാതകത്തിന് പിന്നില്‍ അഞ്ചാംഗ സംഘമാണ്. പി ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്.

തിരുവല്ല പെരിങ്ങര സിപിഎം ലോക്കല്‍ സെക്രട്ടറി പി.ബി.സന്ദീപ്കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ 4 പ്രതികളും പിടിയിലായി. പെരിങ്ങര സ്വദേശികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരും കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഫൈസലുമാണ് പിടിയിലായത്. ജിഷ്ണു യുവമോര്‍ച്ചയുടെ മുന്‍ ഭാരവാഹിയാണ്. പ്രതി ജിഷ്ണു മുഹമ്മദ് ഫൈസലിനെ ജയിലില്‍ വച്ചാണ് പരിചയപ്പെട്ടത്.


ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലയ്ക്കു പിന്നിലെന്നു സിപിഎം ആരോപിച്ചിരുന്നെങ്കിലും മറ്റ് പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധമില്ല. ഒരാള്‍ കൂടിയാണ് ഇനി പിടിയിലാകാനുള്ളത്.


ഗുണ്ടാ സംഘങ്ങളില്‍പ്പെട്ടവരാണ് പിടിയിലായവരെല്ലാം. നേരത്തെ ജയിലിലും കിടന്നിട്ടുണ്ട്. ഇന്നലെ രാത്രി 8ന് ആണ് സന്ദിപിനെ ബൈക്കിലെത്തിയ സംഘം നടുറോഡില്‍ തടഞ്ഞു നിര്‍ത്തി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ഇന്ന് സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവല്ല നഗരസഭയിലും അഞ്ച് പഞ്ചായത്തുകളിലും രാവിലെ ആറു മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →