പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; ഫോണ്‍ ചോര്‍ത്തല്‍ അടക്കം വിവാദവിഷയങ്ങള്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം

web-desk -

ന്യൂഡല്‍ഹി >>> പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. കേന്ദ്രമന്ത്രിമാര്‍, സുപ്രീംകോടതി ജഡ്ജി, രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കും.

വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. പാര്‍ലമെന്റിന് പുറത്തും വിഷയം ഉയര്‍ത്തിക്കാട്ടാന്‍ പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ഏതു വിഷയവും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.

ഇസ്രയേല്‍ കമ്പനി വികസിപ്പിച്ചെടുത്ത ചാര സോഫ്റ്റ് വെയര്‍ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രമുഖ വ്യക്തികളുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. രണ്ട് കേന്ദ്ര മന്ത്രിമാരുടെ ഫോണുകളും മൂന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ഒരു സുപ്രീംകോടതി ജഡ്ജിയുടെ ഫോണും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ചില വ്യവസായികളുടെ ഫോണുകളും ചോര്‍ത്തിയതായാണ് പുറത്തു വരുന്ന വിവരം. ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ഹിന്ദു, നെറ്റ് വര്‍ക്ക് 18 എന്നീ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ചോര്‍ത്തപ്പെട്ടിട്ടുണ്ട്.

വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 16 മാധ്യമസ്ഥാപനങ്ങള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലൂടെയാണ് പെഗാസസ് ചോര്‍ച്ചയുടെ വിവരങ്ങള്‍ പുറത്തു വന്നത്. ഐഫോണ്‍ , ആന്‍ഡ്രോയിഡ് ഫോണുകളില്‍ പെഗാസസ് മാല്‍വയര്‍ ഉപയോഗിച്ച് മെസേജുകള്‍, ഫോട്ടോ , ഇമെയില്‍, ഫോണ്‍കോളുകള്‍ എന്നിവ ചോര്‍ത്തി എന്നാണ് വിവരം.ഇന്ത്യ അടക്കമുള്ള പത്ത് രാജ്യങ്ങളിലെ ഫോണുകളാണ് ചോര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയെന്ന മാധ്യമവാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കെട്ടിചമച്ച കഥകളാണ് യാഥാര്‍ത്ഥ്യമെന്ന നിലയില്‍ പ്രചരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

നിയവിരുദ്ധമായിട്ടൊരു നിരക്ഷീണവും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയിട്ടില്ല. വ്യക്തികളെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൃത്യമായ മാനദണ്ഡം ഉണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കുന്നു.