
തിരുവനന്തപുരം>>> തദ്ദേശ സ്ഥാപനങ്ങളിലെ പ്രധാന ഉപതിരഞ്ഞെടുപ്പ് അടുത്ത മാസം നടന്നേക്കും. 3 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍, 4 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍, തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലെ ഓരോ വാര്‍ഡുകള്‍, 23 പഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടെ 32 വാര്‍ഡുകളിലേക്കാണു തിരഞ്ഞെടുപ്പ്.
ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ യഥാക്രമം അരൂര്‍, ശ്രീകൃഷ്ണപുരം, നന്മണ്ട ഡിവിഷനുകളിലാണ് ഉപതിരഞ്ഞെടുപ്പ്. ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന് എന്നതു നിയമസഭാ മണ്ഡലത്തിന്റെ പകുതിയോളം വരുമെന്നതിനാല്‍ രാഷ്ട്രീയ പ്രാധാന്യം ഏറെ.
കഴിഞ്ഞ തവണ 15 വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നുവെങ്കിലും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളോ കോര്പറേഷന് വാര്‍ഡുകളോ ഉള്‍പ്പെട്ടിരുന്നില്ല. കോവിഡ് സാഹചര്യം കൂടി പരിശോധിച്ചാകും തിരഞ്ഞെടുപ്പ് വിജ്ഞാപനം.
അതേസമയം ഈ മാസം 20 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. ഇലക്ടറല്‍ റജിസ്ട്രേഷന് ഓഫിസര്‍മാര്‍ (ഇആര്‍ഒ) കരടു പട്ടികയിന്മേല് തുടര്‍നടപടി സ്വീകരിച്ച് 30ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
പേരു ചേര്‍ക്കാനുള്ള അപേക്ഷകളില്‍ ഹിയറിങ് ഇത്തവണ നേരിട്ടു തന്നെയാണ്. 2021 ജനുവരി ഒന്നിനോ മുന്‍പോ 18 വയസ്സ് തികഞ്ഞവര്‍ക്കു പേരു ചേര്‍ക്കാമെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണര്‍ എ.ഷാജഹാന് അറിയിച്ചു.

Follow us on