Type to search

ആനക്കട്ടിയില്‍ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്‌സ്; പ്രതിരോധ നടപടികളുമായി മൃഗസംരക്ഷണ വകുപ്പ്

Kerala

പാലക്കാട്>>> അട്ടപ്പാടി ആനക്കട്ടിയില്‍ തമിഴ്നാട് വനത്തിനുള്ളില്‍ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്സ് സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പ് ഇന്ന് പ്രതിരോധ നടപടികള്‍ ആരംഭിക്കും. കാട്ടാനയെ കണ്ടെത്തിയ ഭാഗത്തോട് ചേര്‍ന്ന് കിടക്കുന്ന ആനക്കട്ടി മേഖലയില്‍ വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഇന്ന് മുതല്‍ ആന്ത്രാക്സ് പ്രതിരോധ വാക്സിന്‍ കുത്തിവെപ്പ് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ആനക്കട്ടി ചെക്ക് പോസ്റ്റ് വഴി 15 ദിവസത്തേക്ക് മൃഗങ്ങളെ കൊണ്ടുപോവുന്നതിനും കശാപ്പ് നിരോധിക്കാനും പഞ്ചായത്ത് തീരുമാനിച്ചു. ഈ മേഖലയില്‍ കാലിമേയ്ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തും. ആനക്കട്ടിയില്‍ താല്ക്കാലിക ചെക്ക്പോസ്റ്റ് സ്ഥാപിക്കും.

കഴിഞ്ഞ ദിവസമാണ് തമിഴ്നാട് വനത്തില്‍ ചരിഞ്ഞ കാട്ടാനയ്ക്ക് ആന്ത്രാക്സ് സ്ഥിരീകരിച്ചത്. കാട്ടാനയുടെ ജഡം മാനദണ്ഡങ്ങള്‍ പ്രകാരം തമിഴ്നാട് വനംവകുപ്പ് സംസ്‌കരിച്ചു. ബോധവത്കരണം നല്‍കാന്‍ നിയന്ത്രണങ്ങളും പ്രതിരോധനടപടികളും സംബന്ധിച്ച് പ്രാദേശികഭാഷകളില്‍ മൈക്ക് അനൗണ്‍സ്മെന്റ് നടത്തും.

ഇരുസംസ്ഥാനങ്ങളിലെയും വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിനായി അന്തര്‍സംസ്ഥാനസമിതി രൂപവത്കരിക്കാനും ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാമമൂര്‍ത്തിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

അതിര്‍ത്തിയിലെ ആനക്കട്ടിയിലാണ് കാട്ടാനയുടെ ജഡം കണ്ടെത്തിയത്. മൂക്കിലും വായിലും രക്തം ഒലിച്ച നിലയിലായിരുന്നു കാട്ടാനയുടെ ജഡം.

ബാസില്ലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ ആണ് ആന്ത്രാക്‌സിന് കാരണമാകുന്നത്. കൂടുതലും മൃഗങ്ങളെയാണ് ആന്ത്രാക്‌സ് ബാധിക്കുന്നത്. മൃഗങ്ങള്‍ക്ക് മനുഷ്യരില്‍ ഈ രോഗം പരത്താന്‍ കഴിയുമെങ്കിലും മനുഷ്യര്‍ക്കു തിരിച്ചു മൃഗങ്ങളില്‍ ഈ രോഗം പരത്താന്‍ കഴിയില്ല. വളരെ ഫലപ്രദമായ വാക്‌സിനുകള്‍ ഈ രോഗത്തിനെതിരായി നിലവിലുണ്ട്. ആന്റിബയോട്ടിക്ക് ഔഷധങ്ങള്‍ കൊണ്ട് ചിലതരം ആന്ത്രാക്‌സ് പൂര്‍ണ്ണമായും ഭേദമാക്കാന്‍ കഴിയും.

ബാസില്ലസ് ജിനസിലെ മിക്ക അംഗങ്ങളെപ്പോലെ ബാസില്ലസ് ആന്ത്രാസിസ് നു വിസ്മൃതാവസ്ഥയില്‍ കിടക്കുന്ന സ്‌പോറുകളുണ്ടാക്കാന്‍ (എന്‍ഡോസ്‌പോര്‍) കഴിയും.ഈ സ്‌പോറുകള്‍ അകത്തേയ്ക്കു ശ്വസിക്കുകയോ, ഭക്ഷണത്തിലൂടെ തൊലിയിലുള്ള മുറിവിലൂടെയോ അകത്തുകടക്കുകയോ ചെയ്താല്‍ അവ സജീവമാകുകയും വളരെ വേഗം പെരുകുകയും ചെയ്യും.

ആന്ത്രാക്‌സ് സാധാരണ കാട്ടിലേയോ വളര്‍ത്തുന്നതോ ആയപുല്ലുതിന്നുന്ന ജീവികളെയാണു വേഗം ബാധിക്കുക. അവ തറയിലുള്ള സസ്യങ്ങള്‍ തിന്നുമ്പോള്‍ ആഹാരം വഴിയും മൂക്കുവഴി അകത്തേയ്ക്കു വലിക്കുന്ന വായു വഴിയും രോഗാണുക്കള്‍ അകത്തുകടക്കുന്നു.

ഇങ്ങനെ രോഗവാഹികളാകുന്ന സസ്യഭുക്കുകളെ തിന്നുന്ന മാംസഭുക്കുകള്‍ക്കും ആന്ത്രാക്‌സ് വരാം. രോഗവാഹികളാകുന്ന സസ്യഭുക്കുകളുടെ മാംസം ഭക്ഷിക്കുകയോ മറ്റുവിധം ഇവയുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യുന്ന മനുഷ്യനു ഇവയില്‍നിന്നും രോഗം പകരാം

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.