പാകിസ്ഥാന്‍ പട്ടാളത്തിന് ഏറെ പ്രിയങ്കരമായ പിസ്റ്റള്‍ രഖിലിന്റെ കൈയിലെത്തിയതെങ്ങനെ???

സ്വന്തം ലേഖകൻ -

ബി.ഡി.എസ് വിദ്യാര്‍ത്ഥിനി മാനസയെ കൊല്ലാന്‍ ഉപയോഗിച്ച പിസ്റ്റളിന്റെ ഉറവിടം തേടി ബീഹാറിലേക്ക് തിരിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലുള്ളത് വലിയ കടമ്പകള്‍.

തന്റെ കീഴില്‍ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രഗില്‍ ബീഹാറിലെത്തി പിസ്റ്റള്‍ വാങ്ങുകയായിരുന്നു. കാര്‍ വിറ്റ പണമുപയോഗിച്ചാണ് പിസ്റ്റള്‍ വാങ്ങിയതെന്നാണ് വിവരം.

രഗിലിന്റെ സുഹൃത്തില്‍ നിന്ന് ലഭിച്ച നിര്‍ണായക മൊഴിക്ക് പിന്നാലെയാണ് പിസ്റ്റള്‍ വന്ന വഴിതേടി എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബീഹാറിലേക്ക് പോകുന്നത്. വ്യാപകമായി തോക്ക് നിര്‍മ്മാണവും കടത്തുമുള്ള ബീഹാറിലെ കുഗ്രാമങ്ങളിലെത്തി പിസ്റ്റള്‍ നല്‍കിയ ആളെ കണ്ടെത്തുക പൊലീസിന് ശ്രമകരമാണ്.

ബീഹാറിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം തേടിയിട്ടുണ്ട്. അവിടത്തെ പൊലീസിന്റെ സഹായം ലഭിച്ചാലും ചിലയിടങ്ങളില്‍ എത്തിപ്പെടുക ബുദ്ധിമുട്ടാണ്. ഏഴ് തിരകള്‍ ഉപയോഗിക്കാവുന്ന പഴയ തോക്കാണ് രഗില്‍ ഉപയോഗിച്ചത്. തിരകള്‍ നിറച്ച ഒരു മാഗസിനും ഇയാളുടെ പോക്കറ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു.

പാകിസ്ഥാന്‍ പട്ടാളക്കാര്‍ ഉപയോഗിക്കുന്ന 7.62 എം.എം കാലിബര്‍ റഷ്യന്‍ മോഡല്‍ പിസ്റ്റളാണ് മാനസയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത്. ഇത് ചൈനയിലും നിര്‍മ്മിക്കുന്നുണ്ട്. ബീഹാറില്‍ ഇത് 30,000 രൂപ മുതല്‍ 50,000 രൂപ വരെ വിലയ്ക്ക് ലഭിക്കും. ഇത്തരം പിസ്റ്റള്‍ ഇന്ത്യയില്‍ അധികമാരും ഉപയോഗിക്കാറില്ല.

അബദ്ധത്തില്‍ വെടിപൊട്ടാനുള്ള സാദ്ധ്യത കൂടുതലാണെന്നതാണ് കാരണം. ഇതില്‍നിന്ന് വെടിയുതിര്‍ക്കുമ്പോള്‍ വലിയ ശബ്ദവും തോക്കില്‍ പ്രകമ്പനവും ഉണ്ടാകും. ഈ സാഹചര്യത്തില്‍ വെടിയുതിര്‍ക്കാന്‍ രഗില്‍ പരിശീലനം നടത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →