ഒരു പുഷ്പം പോലും അര്‍പ്പിക്കരുതെന്ന് പറഞ്ഞ പിടിക്ക് വേണ്ടി വാങ്ങിയത് 1.27 ലക്ഷം രൂപയുടെ പൂക്കള്‍; തൃക്കാക്കര നഗരസഭയില്‍ പുതിയ വിവാദമുയരുന്നു

-

കൊച്ചി>>കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന പി ടി തോമസ് മരിക്കുന്നതിന് മുന്നേ തന്റെ മരണാനന്തര ചടങ്ങുകള്‍ എങ്ങനെയായിരിക്കണമെന്ന് എഴുതി സൂക്ഷിച്ചിരുന്നു.

തന്റെ കണ്ണുകള്‍ ദാനം ചെയ്യണം, മൃതദേഹം കൊച്ചിയിലെ രവിപുരം ശ്മശാനത്തില്‍ ദഹിപ്പിക്കണം, മൃതദേഹത്തില്‍ റീത്ത് വയ്ക്കരുത്, ചിതാഭസ്മത്തിന്റെ ഒരു ഭാഗം ഉപ്പുതോട് പള്ളിയില്‍ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണം, സംസ്‌കാര സമയത്ത് വയലാറിന്റെ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം എന്ന ഗാനം കേള്‍പ്പിക്കണമെന്നുമെല്ലാം അദ്ദേഹം ആഗ്രഹിച്ചിരുന്നു.

ഇതെല്ലാം പാര്‍ട്ടി പ്രവര്‍ത്തകരും കുടുംബക്കാരും അക്ഷരംപ്രതി അനുസരിച്ചെങ്കിലും ഒരു കാര്യത്തില്‍ മാത്രം പിഴവ് സംഭവിച്ചു. തനിയ്ക്കായി ഒരു പൂവ് പോലും പറിക്കരുതെന്നും റീത്ത് വയ്ക്കരുതെന്നും പറഞ്ഞതിലാണ് തൃക്കാക്കര നഗരസഭയുടെ ഭാഗത്ത് നിന്നും വലിയ വീഴ്ച സംഭവിച്ചിരിക്കുന്നത്.

നഗരസഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പൊതുദര്‍ശനത്തില്‍ 1,27,000 രൂപയ്ക്കാണ് പൂക്കള്‍ വാങ്ങിയത്. ഇതില്‍ 1.17 ലക്ഷം രൂപ പൂക്കച്ചവടക്കാരന് നേരിട്ട് നല്‍കുകയും ചെയ്തു. പിടിയുടെ അന്ത്യാഭിലാഷം ലംഘിച്ച നഗരസഭ അദ്ദേഹത്തോട് അനാദരവ് കാട്ടിയെന്നാണ് പ്രതിപക്ഷം ആരോപിച്ചിരിക്കുന്നത്. പൂക്കള്‍ക്ക് പുറമേ തറയില്‍ കാര്‍പറ്റ് വിരിച്ചത്, മൈക്ക്സെറ്റ്, ഭക്ഷണം തുടങ്ങിയവയ്ക്കായി പൊടിച്ചത് നാലര ലക്ഷം രൂപയാണ്.

‘ മൃതശരീരരത്തില്‍ പൂക്കളോ പുഷ്പചക്രമോ അര്‍പ്പിയ്ക്കരുതെന്ന് മാത്രമേ പി ടി അന്ത്യാഭിലാഷമായി വ്യക്തമാക്കിയിരുന്നുള്ളൂ. പൊതു ദര്‍ശന ഹാള്‍ അലങ്കരിയ്ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക് ഇത് ബാധകമല്ല. അര്‍ഹിയ്ക്കുന്ന ആദരവ് നല്‍കി പിടിയെ യാത്ര അയയ്ക്കുക എന്ന കടമയാണ് നഗരസഭ നിര്‍വഹിച്ചത്.’ നഗരസഭാ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ വിവാദങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →