പിടിയുടെ സംസ്‌ക്കാര ദിവസം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ ക്രിസ്തുമസ് ആഘോഷം, വിശദീകരണം തേടി കെപിസിസി

തൃശൂര്‍ >> പിടി തോമസ് എംഎല്‍എയുടെ സംസ്‌കാര ദിവസം തൃശൂര്‍ കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ക്രിസ്തുമസ് ആഘോഷിച്ച സംഭവത്തില്‍ കെപിസിസി തൃശൂര്‍ ഡിസിസിയോട് വിശദീകരണം തേടി. വ്യാഴാഴ്ച്ച രാവിലെയായിരുന്നു ആഘോഷം. കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ അലങ്കാരം ഒരുക്കി. കേക്ക് മുറിച്ചും ആഘോഷിച്ചു. പിടിയുടെ മരണത്തില്‍ ദുഃഖം ആചരിക്കുന്നതിനിടെയാണ് ആഘോഷം നടന്നത്. പിടിയോടുള്ള ആദര സൂചകമായി പലയിടത്തും ക്രിസ്തുമസ് ആഘോഷം ഒഴിവാക്കിയിരുന്നു. അതിനിടെയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ ആഘോഷമുണ്ടായത്. ഇത് വിവാദമായതോടെയാണ് കെപിസിസി വിശദീകരണം തേടിയത്.

അതിനിടെ കൊച്ചിയിലും സമാനമായ സംഭവമുണ്ടായി. പിടി തോമസ് എംഎല്‍എയുടെ മരണത്തിലെ ദുഖാചരണത്തിനിടെ കാക്കനാട് സിവില്‍ സ്റ്റേഷനിലെ ജീവനക്കാരാണ് ക്രിസ്തുമസ് ആഘോഷിച്ചത്. സംഭവമറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെ ആഘോഷം നിര്‍ത്തിവച്ചു. കളക്ട്രേറ്റിലെ ട്രഷറി ജീവനക്കാരാണ് വെള്ളിയാഴ്ച ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്. പിടി തോമസ് എംഎല്‍എയോടുള്ള ആദരസൂചകമായി വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തൃക്കാക്കര മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ചിരുന്നു.

മണ്ഡലത്തിന്റെ പരിധിയിലുള്ള മിക്ക ഓഫീസുകളിലും സ്വമേധയാ ക്രിസ്തുമസ് ആഘോഷം വേണ്ടെന്ന് വയ്ക്കുകയും ചെയ്ത സമയത്താണ് കളക്ട്രേറ്റില്‍ വമ്പിച്ച ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. കളക്ട്രേറ്റ് സ്റ്റാഫ് കൌണ്‍സിലിന്റെ ക്രിസ്തുമസ് ആഘോഷം അടുത്ത ആഴ്ചയിലേക്ക് മാറ്റി വച്ചിരുന്നു. ഇതിനിടയിലും ആഘോഷപരിപാടി നടക്കുന്നതറിഞ്ഞെത്തിയ കോണ്‍ഗ്രസ് മണ്ഡലം നേതാക്കള്‍ പ്രതിഷേധം അറിയിക്കുകയായിരുന്നു.

കരോളും ഗാനമേളയും അടക്കം വിവിധ പരിപാടികളായിരുന്നു ആസൂത്രണം ചെയ്തത്. പ്രമുഖ വയലിന്‍ ആര്‍ട്ടിസ്റ്റിനെയും ചടങ്ങിനെത്തിച്ചിരുന്നു. എന്നാല്‍ പിടി തോമസ് മരിച്ച വ്യാഴാഴ്ച തീരുമാനിച്ച പരിപാടി വെള്ളിയാഴ്ചത്തേക്ക് നീട്ടി വയ്ക്കുകയായിരുന്നുവെന്നാണ് ജീവനക്കാരുടെ ഭാഷ്യം. ഓഫീസ് സമയം കഴിഞ്ഞായിരുന്നു ആഘോഷം നടന്നതെന്നും ജീവനക്കാര്‍ പറയുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →