മണികണ്ഠംചാല്‍ ചപ്പാത്തില്‍ പുതിയപാലം പരിഗണനയില്‍ : മന്ത്രിപി.എ മുഹമ്മദ് റിയാസ്

രാജി ഇ ആർ -

കോതമംഗലം>>>പൂയംകുട്ടി മണികണ്ഠംചാല്‍ ചപ്പാത്തില്‍ പുതിയ പാലം നിര്‍മ്മിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എമുഹമ്മദ് റിയാസ് നിയമസഭയില്‍ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി ജോണ്‍ എംഎല്‍എയുടെ ചോദ്യത്തിനു മറുപടി പറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കോതമംഗലം മണ്ഡലത്തില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ചാല്‍ ചപ്പാത്തില്‍ മഴക്കാലത്ത് വെള്ളം കയറി പാലം സഞ്ചാരയോഗ്യമല്ലാതായി തീരുന്ന സാഹചര്യത്തില്‍ ഇവിടെ മഴക്കാലത്തും സുഗമമായി സഞ്ചരിക്കുവാന്‍ കഴിയുന്ന തരത്തില്‍ പുതിയ പാലം നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകഥ എംഎല്‍എ സഭയുടെ ശ്രദ്ധയില്‍പെടുത്തി.

അതോടൊപ്പം ഇവിടെ പുതിയ പാലം നിര്‍മിക്കുന്നത് സംബന്ധിച്ച 2018 ലെ ന്യൂനപക്ഷ കമ്മീഷന്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവിടെ മണ്ണുപരിശോധന പൂര്‍ത്തീകരിച്ചിട്ടുള്ളതും എംഎല്‍എ സഭയുടെ ശ്രദ്ധയില്‍ പെടുത്തി.

മേല്‍ സാഹചര്യത്തില്‍ മണികണ്ഠന്‍ചാല്‍ ചപ്പാത്തില്‍ എത്രയും വേഗത്തില്‍ പുതിയ പാലം പണി ആരംഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎല്‍എആവശ്യപ്പെട്ടു.മണികണ്ഠംചാല്‍ ചപ്പാത്തില്‍ പുതിയപാലം സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.

ന്യൂനപക്ഷ കമ്മീഷന്റെ 07/09/2018 ലെ എം സി ഒ പി 370/2018എറണാകുളം നമ്പര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തി നടത്തുന്നതിന് വനം വകുപ്പിന്റെ അനുമതി തേടുകയും തുടര്‍ന്ന് ഇന്‍വെസ്റ്റിഗേഷന്‍ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണുപരിശോധനയും പൂര്‍ത്തീകരിച്ചിട്ടുണ്ട്.ആയതിന്റെ അടിസ്ഥാനത്തില്‍ ഡിസൈന്‍ തയ്യാറാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.ഡിസൈന്‍ ലഭ്യമാകുന്ന മുറയ്ക്ക് ഡിപിആര്‍ തയ്യാറാക്കി ഭരണാനുമതി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ കഴിയുമെന്നും പൊതുമരാമത്ത് മന്ത്രി ആന്റണി ജോണ്‍ എംഎല്‍എഅ യെ നിയമസഭയില്‍ അറിയിച്ചു.