ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ട എഴുപതിനായിരം രൂപ റൂബര്‍ സൈബര്‍ പോലീസ് സ്റ്റേഷന്റെ ഇടപെടല്‍ മൂലം തിരികെ കിട്ടി

കോതമംഗലം>>പറവൂര്‍ സ്വദേശിനിയായ യുവതിക്ക് ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പിലൂടെ നഷ്ടപ്പെട്ട എഴുപതിനായിരം രൂപ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന്റെ ഇടപെടല്‍ മൂലം തിരികെ കിട്ടി. ക്രഡിറ്റ് കാര്‍ഡില്‍ നിന്നുമാണ് യുവതിക്ക് പണം നഷ്ടപ്പെട്ടത്. കഴിഞ്ഞ മാസം എണ്‍പതിനായിരം രൂപയോളം ക്രഡിറ്റ് കാര്‍ഡ് ബില്ല് ഇവര്‍ക്കുണ്ടായിരുന്നു. ഇത് ബാങ്ക് അകൗണ്ടില്‍ നിന്നും ഓട്ടോമാറ്റിക്കായി ഡെബിറ്റ് ആയതുമാണ്. എങ്കിലും ബില്‍ അടക്കാന്‍ ആവശ്യപ്പെട്ട് യുവതിക്ക് നിരന്തരം ഫോണ്‍ കോളുകള്‍ വന്നു കൊണ്ടേയിരുന്നു. തുടര്‍ന്ന് ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്ത് ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ എടുക്കുകയും അതില്‍ ബന്ധപ്പെടുകയുമായിരുന്നു. ഇത് ഒണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിന്റെ നമ്പര്‍ ആണെന്നറിയാതെ അവര്‍ നിര്‍ദേശിച്ച ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും കാര്‍ഡ് വിവരങ്ങളും മറ്റും നല്‍കുകയും ചെയ്തു.

ഉടനെ തന്നെ ക്രഡിറ്റ് കാര്‍ഡിലുണ്ടായിരുന്നു എഴുപതിനായിരം രൂപ സംഘം കവര്‍ന്നെടുത്തു. മൂന്നു പ്രാവശ്യമായാണ് തുക തട്ടിയെടുത്തത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് പരാതി നല്‍കി. എസ്.പിയുടെ മേല്‍നോട്ടത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തുകയുമായിരുന്നു. ഉടനെ പോലീസ് ബാങ്കുമായും പരാതിക്കാരി ഉപയോഗിച്ച ആപ്പുമായും ബന്ധപ്പെടുകയും തട്ടിയെടുത്ത പണം മരവിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പണം യുവതിയുടെ അക്കൗണ്ടില്‍ എത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ തട്ടിപ്പുസംഘമാണ് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത്. പ്രതികളെ കുറിച്ചുള്ള അന്വേഷണം വ്യാപിച്ചു. എസ്.എച്ച്. ഒ എം.ബി ലത്തീഫ്, എസ്.ഐ കൃഷ്ണകുമാര്‍, സി.പി.ഒ മാരായ ഹൈനീഷ്, ലിജോ, ജെറി കുര്യാക്കോസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


ഇന്റര്‍നെറ്റില്‍ നിന്നും കിട്ടിയ നമ്പറുകളില്‍ വിളിച്ച് തട്ടിപ്പിനിരയായതുമായി ബന്ധപ്പെട്ട് പരാതികള്‍ പോലീസിന് ലഭിക്കുന്നുണ്ടെന്ന് എസ്.പി.കെ. കാര്‍ത്തിക്ക് പറഞ്ഞു. സെര്‍ച്ച് ചെയ്യുമ്പോള്‍ തട്ടിപ്പുസംഘം നിര്‍മ്മിച്ചിട്ടുള്ള വ്യാജ വെബ്സൈറ്റില്‍ നിന്നുള്ള നമ്പറുകളാണ് ഭൂരിപക്ഷവും ലഭിക്കുക. ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പാലിക്കുകയും ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ തേടുന്നതെന്ന് ഉറപ്പു വരുത്തുകയും ചെയ്യണമെന്നും എസ്.പി പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →