ഓണക്കിറ്റ്: ക്രീം ബിസ്‌കറ്റ് കിറ്റില്‍ നിന്ന് ഒഴിവാക്കി ; സാമ്പത്തിക പ്രതിസന്ധിയെന്ന് ഭക്ഷ്യവകുപ്പ്

രാജി ഇ ആർ -

തിരുവനന്തപുരം>>>സംസ്ഥാനത്ത് ഓണത്തിന് നല്‍കുന്ന സ്‌പെഷ്യല്‍ കിറ്റില്‍ നിന്നും ക്രീം ബിസ്‌കറ്റ് ഒഴിവാക്കി. സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ വേണ്ടിയാണ് ബിസ്‌കറ്റ് ഒഴിവാക്കിയതെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 22 കോടി രൂപയുടെ അധിക ബാധ്യതയാണ് ബിസകറ്റ് ഉള്‍പ്പെടുത്തിയാല്‍ വരുന്നതെന്നാണ് വിശദീകരണം.

കഴിഞ്ഞ 16ആം തീയതിയാണ് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വാര്‍ത്താസമ്മേളനം നടത്തി ഓണക്കിറ്റില്‍ കുട്ടികള്‍ക്കായി ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടുത്തുന്ന കാര്യം അറിയിച്ചത്.

പക്ഷേ, ബിസ്‌കറ്റ് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങി. കുട്ടികളുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ച് ഓണക്കിറ്റ് പട്ടികയില്‍ ബിസ്‌ക്കറ്റ് ഉള്‍പ്പെടുത്തി. പക്ഷേ, പണച്ചെലവ് ആലോചിച്ചപ്പോള്‍ പട്ടികയില്‍ നിന്ന് ബിസ്‌കറ്റ് വെട്ടി.

ഓണക്കിറ്റിലെ സാധനങ്ങള്‍ക്ക് സഞ്ചി ഉള്‍പ്പെടെ 17 ഇനം എന്നത് 16 ഇനം ആയി കുറഞ്ഞു. ഒരു റേഷന്‍ കാര്‍ഡ് ഉടമയ്ക്ക് 570 രൂപയുടെ കിറ്റാകും ലഭിക്കുക. 22 കോടി രൂപയാണ് ബിസ്‌കറ്റ് ഒഴിവാക്കിയതിലൂടെ സര്‍ക്കാര്‍ ലാഭിക്കുക.

പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, മുളക്പൊടി, ഉപ്പ്, മഞ്ഞള്‍, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിന് ആവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി എന്നിവയില്‍ ഒന്ന്, നെയ്യ്, ഉള്‍പ്പെടെയുള്ള വിഭവങ്ങളും ഉണ്ടാകും. ഓഗസ്റ്റ് ഒന്ന് മുതല്‍ വിതരണം ആരംഭിക്കാനാണ് തീരുമാനം.

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് ലഭിക്കും. മുഖ്യമന്ത്രിയും ധനമന്ത്രിയും ഭക്ഷ്യമന്ത്രിയുമായുള്ള യോഗത്തിലാണ് ഓണത്തിന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും ബിസ്‌കറ്റ് ഉള്‍പ്പെടെ 17 ഇനങ്ങള്‍ അടങ്ങിയ സ്പെഷ്യല്‍ ഓണക്കിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍, പിന്നീട് ധനവകുപ്പിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കിറ്റില്‍ നിന്ന് ബിസ്‌കറ്റ് ഒഴിവാക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

പരിസ്ഥിതി സൗഹൃദമായി തുണി സഞ്ചിയിലാണ് സ്പെഷ്യല്‍ കിറ്റ് വിതരണത്തിനെത്തുക. സപ്ലൈകോ മുഖേന റേഷന്‍ കടകള്‍ വഴിയാണ് സംസ്ഥാനത്ത് സ്പെഷ്യല്‍ ഓണക്കിറ്റ് വിതരണം ചെയ്യുക.

സൗജന്യകിറ്റിന്റെ വിതരണം ആഗസ്റ്റ് 18ഓടെ പൂര്‍ത്തിയാക്കാനാണ് ഭക്ഷ്യവകുപ്പ് ലക്ഷ്യമിടുന്നത്. സ്പെഷ്യല്‍ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്ന അവശ്യ സാധനങ്ങളുടെ അളവും ഗുണനിലവാരവും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് വകുപ്പ്മന്ത്രി സപ്ലൈകോ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.