ഒമിക്രോണ്‍ ഭയം അതിശക്തം; വീണ്ടും കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ആലോചന

ന്യൂഡല്‍ഹി>> കോവിഡില്‍ വീണ്ടും നിയന്ത്രണങ്ങള്‍ക്ക് സാധ്യത.സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ അവസരം നല്‍കും. സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വീണ്ടും അടയ്ക്കുന്നതും പരിഗണനയിലാണ്. വര്‍ക്ക് ഫ്രം ഹോം വീണ്ടും നടപ്പാക്കാനും സാധ്യതയുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജീവനക്കാരുടെ എണ്ണം കുറയ്ക്കും. ഇതിനൊപ്പം സ്വകാര്യ സ്ഥാപനങ്ങളോട് വര്‍ക്ക് ഫ്രം ഹോമിന് നിര്‍ദ്ദേശിക്കുകയും ചെയ്യും.

രാജ്യം ഏറ്റവും ശക്തമായ കോവിഡ് വ്യാപനത്തിലൂടെ കടന്നുപോകുന്നുവെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സംസ്ഥാനാന്തര യാത്ര നിയന്ത്രിക്കണോ എന്നതുസംബന്ധിച്ചു കേന്ദ്രം ആലോചന തുടങ്ങി. റെയില്‍, വിമാന സര്‍വീസുകളില്‍ നിയന്ത്രണം വേണോ എന്നതാണു പരിശോധിക്കുന്നത്. കോവിഡ് സ്ഥിതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ അടിയന്തരയോഗം വിളിച്ചിരുന്നു. ഈ വിഷയത്തില്‍ ഒഴിച്ച് ബാക്കിയെല്ലാ നിയന്ത്രണത്തിലും തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കും.

കഴിഞ്ഞ ദിവസത്തെ പ്രധാനമന്ത്രിയുടെ യോഗത്തില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും വ്യോമയാന സെക്രട്ടറിയും പങ്കെടുത്തു. നിലവിലെ സ്ഥിതി നേരിടാന്‍ തീവ്ര നിയന്ത്രണം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി വിവിധ മന്ത്രാലയങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കി. ദേശീയതലത്തില്‍ ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് ആവര്‍ത്തിക്കുമ്‌ബോഴും ആഭ്യന്തര വിമാന യാത്രയും സംസ്ഥാനാന്തര യാത്രകളും നിയന്ത്രിക്കണമെന്ന വിലയിരുത്തല്‍ കേന്ദ്രത്തിനുണ്ട്.

പ്രത്യേകിച്ചും, വ്യാപനം കൂടുതലുള്ള പ്രധാന നഗരങ്ങള്‍ക്കിടയിലെ യാത്ര. സംസ്ഥാനാന്തര യാത്രകള്‍ക്കു വിലക്കു പാടില്ലെന്നതാണ് നിലവിലെ നിര്‍ദ്ദേശം. കോവിഡ് സംബന്ധിച്ചു മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്നു സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. അതിന് ശേഷം നിയന്ത്രണങ്ങളില്‍ തീരുമാനം എടുക്കും. സ്‌കൂളുകള്‍ അടച്ചിടാനാണ് കൂടുതല്‍ സാധ്യത.

അതിനിടെ കോവിഡ് മൂന്നാം തരംഗം ശക്തമായിരിക്കെ രാജ്യത്തു മൂന്നാം ഡോസ് (കരുതല്‍ ഡോസ്) പ്രതിരോധ കുത്തിവയ്പിന് ഇന്നു തുടക്കമാകും. രണ്ടു ഡോസ് വാക്സീനെടുത്ത് 9 മാസം ( 39 ആഴ്ച) പിന്നിട്ട ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണിപ്പോരാളികള്‍, മറ്റു രോഗങ്ങളുള്ള 60 കഴിഞ്ഞവര്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ കരുതല്‍ ഡോസ് ലഭ്യമാവുക. 60 കഴിഞ്ഞവര്‍ക്കു പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെങ്കിലും ഡോക്ടറുടെ അഭിപ്രായം തേടുന്നത് ഉചിതമായിരിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

സംസ്ഥാനത്തും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആറായിരം കടന്നു. ഇന്നലെ 6238 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ടി.പി.ആര്‍. 11 ശതമാനം കടന്നു. 54,108 സാമ്ബിളുകളാണു പരിശോധിച്ചത്. തിരുവനന്തപുരം – 1507, എറണാകുളം – 1066, കോഴിക്കോട് – 740, തൃശൂര്‍ – 407, കണ്ണൂര്‍ – 391, കോട്ടയം – 364, കൊല്ലം – 312, പത്തനംതിട്ട – 286, മലപ്പുറം – 256, പാലക്കാട് – 251, ആലപ്പുഴ – 247, കാസര്‍ഗോഡ് – 147, ഇടുക്കി – 145, വയനാട് – 119 എന്നിങ്ങനെയാണു ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.

ദേശീയതലത്തിലും ആശങ്കയുടെ ഗ്രാഫ് ഉയര്‍ത്തിയാണ് കോവിഡ് ബാധിതരുടെ പ്രതിദിനഎണ്ണവും മരണസംഖ്യയും. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ പുതുതായി വൈറസ് ബാധിതരായത് 1,59,632 പേര്‍. ഒരു ദിവസത്തെ ഇടവേളയില്‍ 327 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,83,790 ആയി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് തൊട്ടുമുന്‍ ദിവസത്തേക്കാള്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ 12.4 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.

മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ആദ്യസ്ഥാനങ്ങളില്‍. പുതിയ രോഗികളില്‍ 62.84 ശതമാനവും ഈ സംസ്ഥാനങ്ങളിലാണ്. അതിതീവ്ര വ്യാപനശേഷിയുള്ള ഓമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 3,623-ല്‍ എത്തി. 1,009 കേസുകളുമായി മഹാരാഷ്ട്ര ഓമിക്രോണ്‍ ബാധിതരില്‍ മുന്നില്‍ തുടരുന്നു. 513 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയാണു രണ്ടാമത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →