രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വീണ്ടുമുയര്‍ന്നു

-

ദില്ലി>>രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് വീണ്ടുമുയര്‍ന്നു. ഡിസംബറില്‍ 7.9 ശതമാനമാണ് തൊഴിലില്ലായ്മ നിരക്കെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി പറയുന്നു. നവംബറില്‍ 7 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഓഗസ്റ്റില്‍ 8.3 എന്ന ഉയര്‍ന്ന നിരക്കിലെത്തിയ ശേഷമുള്ള ഏറ്റവുമുയര്‍ന്ന നിരക്കാണ് ഡിസംബറിലേത്.

കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതി ഇന്ത്യയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിച്ചതാണ് തൊഴിലില്ലായ്മ നിരക്ക് ഉയരാന്‍ കാരണം. നഗരങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് നിരക്ക് 9.3 ശതമാനമാണ്. നവംബറില്‍ 8.2 ശതമാനമായിരുന്നു. ഗ്രാമങ്ങളില്‍ നവംബറിലെ 6.4 ശതമാനത്തില്‍ നിന്ന് ഡിസംബറില്‍ 7.3 ശതമാനമായി തൊഴിലില്ലായ്മ നിരക്കുയര്‍ന്നു.

ഒമിക്രോണ്‍ വ്യാപനം നിലവിലെ സാമ്പത്തിക മുന്നേറ്റത്തെ തിരിച്ചടിക്കുമെന്ന് സാമ്പത്തിക രംഗത്ത് വിദഗ്ദ്ധര്‍ ഭയക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക പാദങ്ങളില്‍ മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച നേടിയ ഇന്ത്യക്ക് ഒമിക്രോണ്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. അതിനാല്‍ തന്നെ തൊഴിലില്ലായ്മ നിരക്കിനെ വളരെ പ്രാധാന്യത്തോടെയാണ് സാമ്പത്തിക രംഗത്തുള്ളവര്‍ നോക്കിക്കാണുന്നത്. കേന്ദ്രസര്‍ക്കാര്‍ പ്രതിമാസ കണക്കുകള്‍ പുറത്തുവിടാത്തതിനാല്‍ ഏറ്റവും ആധികാരികമായ രേഖയായാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കുകളെ കാണുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →