കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നു

ദില്ലി>>രാജ്യത്ത് ഒമിക്രോണിനൊപ്പം ,കൊവിഡ് കേസുകളും കുത്തനെ ഉയരുന്നു. ഇന്ന് പ്രതിദിന കൊവിഡ് കേസുകള്‍ 16,700 ലേക്ക് ഉയര്‍ന്നു. കഴിഞ്ഞ 71 ദിവസത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ ഉണ്ടായത്. ഒമ്പത് മെട്രോ നഗരങ്ങളിലാണ് വന്‍ വര്‍ദ്ധനയുണ്ടായത്. മുംബൈ, ദില്ലി, കൊല്‍ക്കത്ത, ബംഗ്ലൂരു, പൂനെ, നാസിക് തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഉയരുന്നത്.

കഴിഞ്ഞ കൊവിഡ് തരംഗത്തിന്റ തുടക്കത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മരണനിരക്ക് താരതമ്യേനെ കുറവാണെന്നത് മാത്രമാണ് ആശ്വാസകരം. രാജ്യത്തെ പ്രധാന നഗരങ്ങളിലെ കൊവിഡ് വ്യാപനം വ്യവസായങ്ങളെയും മറ്റും ബാധിക്കുമെന്നതിനാല്‍ സാമ്പത്തികമായും തിരിച്ചടിയുണ്ടായേക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ഒമിക്രോണ്‍ കേസുകളും രാജ്യത്ത് ഉയരുകയാണ്. ദില്ലിയിലും മുംബൈയിലുമാണ് ഒമിക്രോണ്‍ വ്യാപനം കൂടുതല്‍. മഹാരാഷ്ട്രയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. വിവാഹങ്ങള്‍ക്ക് 50 പേരെ മാത്രം അനുവദിക്കും. ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ മരണം ഇന്നലെ മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു.

പിംപ്രി-ചിന്ച്ച്വാദിലാണ് ഒമിക്രോണ്‍ ബാധിതന്‍ മരിച്ചത്. നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍ ചികിത്സയില്‍ കഴിയവേ ചൊവ്വാഴ്ചയാണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. പിന്നീട് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഒമിക്രോണ്‍ വ്യാപന തോത് കൂടിയതാണ് കൊവിഡ് കേസുകള്‍ ഉയരാന്‍ കാരണമായെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.ദില്ലിക്കും ഏഴ് സംസ്ഥാനങ്ങള്‍ക്കും വീണ്ടും ജാഗ്രത നിര്‍ദ്ദേശം നല്‍കി. രോഗവ്യാപന സാഹചര്യത്തില്‍ പുതുവത്സരാഘോഷങ്ങളില്‍ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →