രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം തീവ്രമാകുന്നു; വരും നാളുകള്‍ കൊവിഡ് സുനാമിയുടേതെന്ന് ലോകാരോഗ്യ സംഘന

ദില്ലി>> രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം തീവ്രമാകുന്നു. ആകെ രോഗികള്‍ എണ്ണൂറ് കടന്നു. സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളും കുത്തനെ കൂടി. ദില്ലിയിലെ പ്രതിദിന കണക്ക് 923 ല്‍ എത്തി. 86 ശതമാനമാണ് വര്‍ധന. മുംബൈ, കല്‍ക്കട്ട, ബെംഗളൂരു എന്നിവിടങ്ങളിലും കേസുകള്‍ കൂടി. ഇതിനിടെ വാക്‌സിന്‍ പ്രതിരോധ ശേഷിയെ ഒമിക്രോണ്‍ മറികടക്കും എന്ന് കണ്ടെത്തിയതായി സര്‍ക്കാരിന്റെ വിദഗ്ധ സമിതി വ്യക്തമാക്കി.

അതേസമയം, വരും നാളുകള്‍ കൊവിഡ് സുനാമിയുടേതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. പുതിയ കൊവിഡ് വകഭേദങ്ങള്‍ പല രാജ്യങ്ങളുടേയും ആരോഗ്യ സംവിധാനം തകര്‍ത്തെറിയുമെന്നാണ് മുന്നറിയിപ്പ്. വാക്‌സീന്‍ എടുക്കാത്തവരില്‍ രോഗം വലിയ ആഘാതമുണ്ടാക്കുമെന്നു ലോകാരോഗ്യ സംഘടന മേധാവി ടെഡ്‌റോസ് അദാനോം പറഞ്ഞു. കൊറോണ വൈറസിന്റെ ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ മൂലം രോഗികളുടെ എണ്ണം കുതിച്ച് ഉയരുമെന്നാണ് മുന്നറിയിപ്പ്. ചികിത്സയ്ക്ക് ആശുപത്രിയില്‍ എത്തുന്നവര്‍ കൂടും. ഇത് നിലവിലെ ആരോഗ്യ സംവിധാനങ്ങളെ സമ്മര്‍ദത്തിലാകും. കൊവിഡ് മരണം കൂത്തനെ ഉയരും. ഒമിക്രോണ്‍ വകഭേദം വാക്‌സീന്‍ എടുത്തവരെയും ഒരിയ്ക്കല്‍ രോഗം വന്നുപോയവരെയും ബാധിക്കുന്നുണ്ടെന്ന് തെളിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

ഫ്രാന്‍സില്‍ ഒടുവില്‍ രോഗം സ്ഥിരീകരിച്ചത് രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ്. അമേരിക്കയിലും രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നു. ഇറ്റലി, ബ്രിട്ടന്‍, പോര്‍ച്ചുഗല്‍, ഗ്രീസ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ കൊവിഡ് സാഹചര്യങ്ങളും ദിനേനെ മോശമാവുകയാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →