ഒമൈക്രോണ്‍; സംസ്ഥാനത്ത് വാക്‌സിനേഷന്‍ ഊര്‍ജ്ജിതം

-

തിരുവനന്തപുരം>>ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാക്‌സിനേഷന്‍ ഊര്‍ജ്ജിതമാക്കി സംസ്ഥാനം. 11 ലക്ഷം ഡോസ് വാക്‌സിന്‍ സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.


ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ കര്‍ശനമാക്കാനും ആരോഗ്യ വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്ത് ദിനം പ്രതി കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.

വീണ്ടും ഒരു കൊവിഡ് വ്യാപനം ഒഴിവാക്കുവാനായി, കൊവിഡ് വാക്സിന്‍ ഇതുവരെ സ്വീകരിക്കാത്തവര്‍ എത്രയും വേഗം വാക്സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടു. രണ്ടാം ഡോസ് എടുക്കാത്തവരും ഉടന്‍ വാക്‌സിന്‍ സ്വീകരിക്കണം.
സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. 11 ലക്ഷം ഡോസ് വാക്സിനാണ് നിലവില്‍ സ്റ്റോക്കുള്ളത്. വാക്‌സിന്‍ എടുക്കുന്നവരില്‍ രോഗ ബാധ മൂര്‍ഛിക്കുന്നില്ലെന്നതാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

നിലവില്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള ക്വാറന്റൈന്‍, മറ്റുള്ളവര്‍ക്കുള്ള സ്വയം നിരീക്ഷണം എന്നിവ കര്‍ശനമാക്കി. ക്വാറന്റൈന്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടുന്ന കാര്യവും ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ട്.
കേന്ദ്രം ഉടന്‍ മാര്‍ഗ നിര്‍ദേശം പുതുക്കും. അതിന്‍ പ്രകാരമാകും സംസ്ഥാനത്തും കൂടുതല്‍ തീരുമാനങ്ങള്‍ നടപ്പാക്കുക.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →