LOADING

Type to search

നിസാമുദ്ദീന്‍ എക്‌സ്പ്രസിലെ കവര്‍ച്ചയില്‍ ട്വിസ്റ്റ്; കവര്‍ച്ചയ്ക്കു പിന്നില്‍ പശ്ചിമ ബംഗാള്‍ സംഘം

Latest News Local News News

തിരുവനന്തപുരം>>> നിസാമുദ്ദീന്‍-തിരുവനന്തപുരം സ്വര്‍ണ ജയന്തി എക്‌സ്പ്രസിലെ കവര്‍ച്ചാ കേസില്‍ പ്രതികള്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ ഷൗക്കത്തലി, സയാം എന്നിവരുള്‍പ്പെടെ മൂന്നു പേരെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തത്.

കഴിഞ്ഞ ദിവസം ഇവര്‍ ബംഗാളില്‍ നിന്ന് മുംബൈയിലേക്ക് വരുന്നെന്ന രഹസ്യ വിവരം അന്വേഷണ സംഘത്തിനു ലഭിച്ചു. മുംബൈയിലെ കല്യാണില്‍ ട്രെയിന്‍ എത്തിയപ്പോള്‍ പ്രതികളെ പിടികൂടുകയായിരുന്നു. രാജധാനി എക്‌സ്പ്രസില്‍ ഉച്ചയോടെ പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കും. കവര്‍ച്ചയ്ക്ക് ഇരായയവര്‍ പ്രതികളെ തിരിച്ചറിഞ്ഞാല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും.

കഴിഞ്ഞ സെപ്തംബര്‍ 12നാണ് നിസാമുദ്ദീന്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്നു അമ്മയും മകളും ഉള്‍പ്പെടെ മൂന്നു പേരെ ഭക്ഷണത്തില്‍ മയക്കു മരുന്ന് കലര്‍ത്തി നല്‍കി ആഭരണങ്ങള്‍ കൊള്ളയടിച്ചത്.

കുപ്രസിദ്ധ റെയില്‍വേ കുറ്റവാളിയും ഉത്തര്‍ പ്രദേശം സ്വദേശിയുമായ അസ്ഗര്‍ പാഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് കവര്‍ച്ചയ്ക്കു പിന്നില്‍ എന്നായിരുന്നു നിഗമനം. കവര്‍ച്ചയ്ക്ക് ഇരയായവര്‍ ഇയാളുടെ ഫോട്ടോ കണ്ട് തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന അസ്ഗര്‍ പാഷയ്ക്കായി അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കി. മുംബൈ, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

ഇതിനിടയിലാണ് ഇപ്പോള്‍ കസ്റ്റഡിയില്‍ ഉള്ള സയാം എന്നയാളെപ്പറ്റിയുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. ട്രെയിനില്‍ സ്ത്രീകളുടെ എതിര്‍ സീറ്റില്‍ സയാമും ഉണ്ടായിരുന്നു. കവര്‍ച്ചയുടെ തലേ രാത്രി ഭക്ഷണം കഴിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ചതും ഇയാളായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സയാം ഉള്‍പ്പെട്ട മറ്റു ചില കേസുകളുടെ വിവരണങ്ങളും സമാന കൊള്ള നടന്ന സ്ഥലങ്ങളില്‍ ഇയാളുടെ സാനിധ്യവും ബോധ്യപ്പെട്ടു. അതിനു പിന്നാലേയുള്ള അന്വേഷണമാണ് ഷൗക്കത്തലിയുടെ സംഘത്തിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.

ഉത്തര്‍പ്രദേശില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശി വിജയലക്ഷ്മി, കോളെജ് വിദ്യാര്‍ഥിയായ മകള്‍ അഞ്ജലി, കോയമ്ബത്തൂര്‍ സ്വദേശി കൗസല്യ എന്നിവരാണ് കവര്‍ച്ചയ്ക്ക് ഇരകളായത്. 17 പവന്‍ സ്വര്‍ണാഭരണങ്ങള്‍, 31,000 രൂപ വില വരുന്ന രണ്ടു മൊബൈല്‍ ഫോണുകളുമാണ് മലയാളി സ്ത്രീകളില്‍ നിന്ന് കവര്‍ന്നത്. കൗസല്യയുടെ 14,000 രൂപയുടെ മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യപ്പെട്ടതായി ആദ്യം പരാതിയുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.