നിയമസഭാ കൈയാങ്കളി കേസില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി

രാജി ഇ ആർ -

ന്യൂഡല്‍ഹി>>>നിയമസഭ കൈയാങ്കളി കേസില്‍ സുപ്രീംകോടതിയില്‍ സര്‍ക്കാരിന് തിരിച്ചടി. കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി കോടതി തളളി. കേസ് പിന്‍വലിക്കുന്നത് സ്വാഭാവികമായ നീതിയുടെ നിഷേധമാണ്. തെറ്റായ വാദമാണ് ഹര്‍ജിയിലൂടെ സര്‍ക്കാര്‍ ഉന്നയിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും സഭയിലെ സംഭവത്തില്‍ കേസില്ലെന്ന് അറിയിച്ച സ്പീക്കര്‍ക്ക് അതിന് അധികാരമില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.

ജനപ്രതിനിധികള്‍ക്കുളള നിയമപരിരക്ഷ ക്രിമിനല്‍ കുറ്റം ചെയ്യാനുളള ലൈസന്‍സല്ല. നിയമസഭയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനുളള ലംഘനം നടന്നതായും കേസില്‍ ഹൈക്കോടതി വിധി നിലനില്‍ക്കുമെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി, സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തളളിയത്. സഭയിലെ അക്രമം സഭാ നടപടികളുടെ ഭാഗമല്ല. പൊതുമുതല്‍ നശിപ്പിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമായി കാണാനാകില്ല.

കേസിലെ പ്രതികളായവര്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി വിധിയോടെ വ്യക്തമായി. ഇതോടെ മന്ത്രി വി. ശിവന്‍കുട്ടിയും എംഎല്‍എയായ കെ.ടി ജലീലും മുന്‍ മന്ത്രി ഇ.പി ജയരാജന്‍, സി.കെ സദാശിവന്‍, കെ. കുഞ്ഞഹമ്മദ് മാസ്റ്റര്‍,? കെ.അജിത്ത് എന്നിവരും വിചാരണ നേരിടണം. വിധിപ്പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും കേസില്‍ വിചാരണ നേരിട്ട് നിരപരാധിത്വം തെളിയിക്കുമെന്ന് ശിവന്‍കുട്ടി പ്രതികരിച്ചു.

കേസില്‍ പ്രതിസ്ഥാനത്തുളളവരില്‍ രണ്ട്‌പേര്‍ മാത്രമാണ് നിലവില്‍ നിയമസഭാംഗങ്ങള്‍. അതേസമയം സഭയില്‍ പ്രതിപക്ഷം വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടു. രാജിവച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ശിവന്‍കുട്ടിയെ പുറത്താക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.