‘ആത്മഹത്യ ചെയ്ത ഇരട്ട സഹോദരന്മാര്‍ ലോണ്‍ അടച്ചത് ഒരു തവണ മാത്രം; ജപ്തി നോട്ടീസ് നല്‍കിയിരുന്നില്ല:’ ബാങ്ക് അധികൃതര്‍

രാജി ഇ ആർ -

കോട്ടയം>>> കടുവാക്കുളത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൊച്ചുപറമ്ബില്‍ നിസാര്‍, നസീര്‍ ഇരട്ട സഹോദരന്മാര്‍ വായ്പ്പാ ബാധ്യത നേരിട്ടിരുന്നു എന്ന വിഷയത്തില്‍ പ്രതികരണവുമായി ബാങ്ക് അധികൃതര്‍.

മാതാവ് ഫാത്തിമയാണ് ഇന്ന് രാവിലെ ഇരുവരും രണ്ടു മുറികളിലായി തൂങ്ങിമരിച്ച നിലയില്‍ ആദ്യം കണ്ടത്. ഈ സംഭവത്തിലാണ് മണിപ്പുഴ അര്‍ബന്‍ ബാങ്ക് അധികൃതര്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വരുന്നത്.

‘2019 മെയ് രണ്ടിനാണ് നിസാറും നസീറും മണിപ്പുഴ ബ്രാഞ്ചില്‍ എത്തി ലോണ്‍ എടുത്തത്. കടുവാക്കുളത്ത് സ്ഥലവും വീടും വാങ്ങുന്നതിനായിരുന്നു ലോണ്‍ ആവശ്യപ്പെട്ടത്. പര്‍ച്ചേസ് ലോണ്‍ എന്ന നിലയിലാണ് ഇരുവരും 13 ലക്ഷം രൂപ ലോണ്‍ എടുത്തത്.

പത്തുവര്‍ഷം കാലാവധിയിലാണ് ലോണ്‍ അനുവദിച്ചിരുന്നത്. ആ മാസം 28-ാം തീയതി 19,000 രൂപ ഇരുവരും ആദ്യ തവണയായി അടച്ചു. പിന്നീടൊരിക്കലും നിസാറും നസീറും ലോണ്‍ തവണകള്‍ അടച്ചിരുന്നില്ല,’ മണിപ്പുഴ അര്‍ബന്‍ ബാങ്ക് മാനേജര്‍ ആന്‍സി ചാക്കോ പറയുന്നു.

തവണകള്‍ മുടങ്ങിയതോടെ എല്ലാ മാസവും ബാങ്കില്‍ നിന്ന് ഫോണ്‍ വഴി പണം അടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നീട് നിസാറും നസീറും ഫോണ്‍ എടുത്തിരുന്നില്ല എന്നാണ് ബാങ്ക് മാനേജര്‍ വ്യക്തമാക്കുന്നത്.

ബാങ്ക് ലോണ്‍ തുടര്‍ച്ചയായി മുടങ്ങിയതോടെ അധികൃതര്‍ വീട്ടില്‍ വന്ന് അന്വേഷിച്ചിരുന്നതായി ആന്‍സി ചാക്കോ പറയുന്നു. രണ്ടാഴ്ച മുന്‍പും ഇവിടെ എത്തി പണം അടയ്ക്കുന്ന കാര്യം ആവശ്യപ്പെട്ടിരുന്നു. അന്ന് മാതാവ് ഫാത്തിമ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

നിസാറിന്റെയും നസീറിന്റെയും സഹോദരിയെ പാലക്കാട്ടേക്കാണ് കല്യാണം കഴിച്ചത് എന്നും അവിടെ സ്ഥലം വിറ്റ് പണം നല്‍കാമെന്നും മാതാവ് ഫാത്തിമ പറഞ്ഞിരുന്നതായി ബാങ്ക് അധികൃതര്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഇക്കാര്യങ്ങള്‍ എല്ലാം ബാങ്കില്‍ നേരിട്ടുവന്ന് സംസാരിക്കണമെന്ന് നിസാറിനോടും നസീറിനോടും പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിനുശേഷവും ബാങ്കുമായി ഇരുവരും ബന്ധപ്പെട്ടിരുന്നില്ല എന്നാണ് ബാങ്ക് മാനേജര്‍ ആന്‍സി ചാക്കോ വ്യക്തമാക്കുന്നത്.

ജപ്തി നോട്ടീസ് ബാങ്ക് നല്‍കിയിരുന്നില്ല എന്നും ആന്‍സി ചാക്കോ പറഞ്ഞു. പത്തു വര്‍ഷം കാലാവധിയുള്ള ലോണ്‍ ആയതിനാല്‍ തന്നെ സാങ്കേതികമായി ഇപ്പോള്‍ ജപ്തി നോട്ടീസ് നല്‍കേണ്ട സാഹചര്യം ഇല്ല എന്നും മണിപ്പുഴ അര്‍ബന്‍ സഹകരണ ബാങ്ക് അധികൃതര്‍ പറയുന്നു.

ബാങ്ക് അധികൃതര്‍ എത്തിയ ശേഷമാണ് ഇരുവരും കടുത്ത മാനസിക സംഘര്‍ഷത്തിലായത് എന്ന് സുഹൃത്തായ മനോജ് വ്യക്തമാക്കുന്നു. മാതാവ് ഫാത്തിമ പറയുന്നതും ഇതുതന്നെയാണ്. വീട്ടില്‍ നോട്ടീസ് ഒട്ടിക്കുന്നത് നാണക്കേടായി ഇരുവരും കണ്ടിരുന്നതായി മാതാവ് ഫാത്തിമ ചൂണ്ടികാട്ടുന്നു.

ബാങ്ക് അധികൃതര്‍ വന്നശേഷം നിസാറും നസീറും വീട്ടില്‍ നിന്ന് അധികം പുറത്ത് വന്നിരുന്നില്ല എന്നും മനോജ് ചൂണ്ടിക്കാട്ടി. ബാങ്ക് ലോണ്‍ വായ്പ ആയത് ഇരുവര്‍ക്കും അഭിമാനപ്രശ്‌നമായി മാറിയിരുന്നതായാണ് മാതാവിന്റെ വാക്കുകളില്‍ വ്യക്തമാകുന്നത്. കോവിഡ് കാലത്ത് ജോലി ഒന്നും കൃത്യമായി നടക്കാത്തതും ഇരുവരെയും കാര്യമായി അലട്ടിയിരുന്നു. നാട്ടുകാരാണ് പലപ്പോഴും ഇവരുടെ കാര്യങ്ങളില്‍ സഹായിച്ചിരുന്നത് എന്നും സുഹൃത്തുക്കള്‍ പറയുന്നുണ്ട്.