
തിരുവനന്തപുരം>>> ഇന്ത്യയില്‍ കാണപ്പെടുന്ന 11തരം വവ്വാലുകള്‍ക്ക് നിപ വൈറസ് വാഹകരാകാന്‍ കഴിയുമെന്ന് പഠനങ്ങള്‍. ഇതില്‍ കേരളത്തില്‍ പൊതുവെ കാണുന്ന ഏഴിനം വവ്വാലുകളും ഉള്‍പ്പെടുന്നു. പഠനങ്ങള്‍ പുരോഗമിക്കുന്നതിനാല്‍ നിപ വാഹകരുടെ ഇനത്തില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ നല്കുന്ന മുന്നറിയിപ്പ്.
നിപ വൈറസിന്റെ ഉറവിടം പുതിയ പ്രദേശങ്ങളില്‍ കണ്ടെത്തുക വെല്ലുവിളിയാണെന്നും പഠന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നിപക്ക് വവ്വാലുകള്‍ക്കു പുറമെ മറ്റ് ജീവിവര്‍ഗങ്ങളിലും വസിക്കാന്‍ കഴിയുമെന്നതാണ് പുതിയ ഉറവിടം കണ്ടെത്തുന്നതിനെ ദുഷ്കരമാക്കുന്നത്. ജീവികളുടെ സ്രവ പരിശോധന (സിറോളജി) വഴി ഉറവിടം കൃത്യമായി കണ്ടെത്തുകയും പ്രയാസകരമാണ്.
വരണ്ട കാലാവസ്ഥയില്‍ ഒരു കൂട്ടം വവ്വാലുകള്‍ പുതിയ താമസസ്ഥലം തേടുമ്പോഴും നിപ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ട്. ഉറവിടം കണ്ടെത്തുന്നതിനൊപ്പം വൈറസ് പുറത്തുവിടുന്ന രീതിയും നിപ രോഗത്തെ പ്രതിരോധിക്കുന്നതില്‍ പ്രധാനമാണെന്ന് വനശാസ്ത്ര കോളജിലെ വന്യജീവി പഠന കേന്ദ്രം പ്രഫസര്‍ പി.ഒ. നമീര്‍ ഉള്‍പ്പെടെ ഒമ്പത് ശാസ്ത്രജ്ഞരുടെ പഠനം ചൂണ്ടിക്കാട്ടുന്നു. മനുഷ്യരുമായി അടുത്ത് പെരുമാറുന്ന വളര്‍ത്തുമൃഗങ്ങള്‍ വൈറസ് ബാധക്ക് ഒരു പാലമാകാം.
1998ല്‍ മലേഷ്യയിലും 2001, 2007 വര്‍ഷങ്ങളില്‍ കിഴക്കേ ഇന്ത്യയിലും 2001ന് ശേഷം വര്‍ഷം തോറും ബംഗ്ലാദേശിലും നിപ ബാധ റിപ്പോര്‍ട്ട് ചെയ്തു. മലേഷ്യയില്‍ വവ്വാലുകള്‍ കടിച്ച ഫലങ്ങള്‍ കഴിച്ച പന്നികളിലൂടെയാണ് മനുഷ്യര്‍ക്ക് നിപ ബാധിച്ചത്. ബംഗ്ലാദേശില്‍ വവ്വാല് ഭക്ഷിച്ച ഈന്തപ്പഴം കഴിച്ചവര്‍ക്കാണ് വൈറസ് പിടിപെട്ടത്.
കേരളത്തില്‍ 2018ല്‍ നിപ റിപ്പോര്‍ട്ട് ചെയ്തശേഷം ഷഡ്പദഭോജികളായ ‘മെഗാഡെര്‍മ സ്പാസ്മ’ വവ്വാലുകളിലാണ് ആദ്യകാല പഠനം കേന്ദ്രീകരിച്ചത്. ശേഷം ‘പെട്രോപസ് മേഡിയസ്’ വവ്വാലുകളില്‍ നടത്തിയ പഠനത്തില്‍ പരിശോധന നടത്തിയതില്‍ 19 ശതമാനത്തിലും നിപ വൈറസ് കണ്ടെത്തി. എന്നാല്‍, വവ്വാലുകളില്‍നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നത് എങ്ങനെയെന്നത് അജ്ഞാതമാണ്.

Follow us on