LOADING

Type to search

അവസാനിക്കാത്ത പ്രണയപ്പക

Latest News Local News News

പാലാ>>>പ്രണയപ്പകയുടെ സ്മാരക ശിലയില്‍ അവസാനമായി എഴുതിചേര്‍ക്കപ്പെട്ട പേരാണ് നിഥിന. ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും ഇത് അവസാനത്തേത് ആകും എന്ന് പ്രതീക്ഷിക്കും. എന്നാല്‍, ഇത് അവസാനിക്കാതെ തുടരുകയാണ്. മാധ്യമങ്ങളും സമൂഹത്തിലെ ഉന്നതരുമെല്ലാം ഒന്നുപോലെ പ്രണയപ്പകയുടെ ദുഖങ്ങളും അതിലേക്ക് എത്താതിരിക്കാനും വേണ്ട ഉപദേശങ്ങള്‍ നിരവധി നല്‍കുന്നു. എന്നാല്‍, ഇവയൊന്നും ഒരു ശാശ്വത പരിഹാരമാകുന്നില്ലെന്ന സത്യമാണ് ഓരോ സംഭവങ്ങളും വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

കേരളത്തിന് പുതിയതല്ല പ്രണയത്തിന്റെ പേരില്‍ നടക്കുന്ന ഇത്തരം അരുംകൊല. പ്രണയവുമായി കൂട്ടിവായിക്കുന്ന ഇത്തരം സംഭവങ്ങള്‍ കുറച്ചുകാലമായി നാം കേള്‍ക്കുന്നുണ്ട്. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് രാഖിലിന്റെ തോക്കിന്‍ മുനയില്‍ കണ്ണൂര്‍ സ്വദേശിനി മാനസയുടെ ജീവന്‍ നഷ്ടപ്പെട്ടതിന്റെ മുറിവുണങ്ങുംമുന്‍പാണ് നിഥിനയുടെ അരുംകൊലയുടെ വാര്‍ത്തയും പുറത്തെത്തുന്നത്.
പ്രണയാഭ്യര്‍ഥന നിരസിച്ചെന്ന കാരണത്താലാണ് മാനസയെ രാഖില്‍ തോക്കിന്‍മുനയില്‍ ഇല്ലാതാക്കിയത്. തലയ്ക്കും നെഞ്ചിനു താഴെയും വെടിയേറ്റ് പിടഞ്ഞുവീണ് അവള്‍ മരിച്ചു. പിന്നാലെ പ്രതിയുടെ ആത്മഹത്യയും.

പെരിന്തല്‍മണ്ണ ഏളാട് സ്വദേശി ദൃശ്യ കുത്തേറ്റ് മരിച്ചത് ഇക്കഴിഞ്ഞ ജൂണിലാണ്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ദൃശ്യയെ വിനീഷ് വീട്ടില്‍ക്കയറി ആക്രമിക്കുകയായിരുന്നു. കാരണം പ്രണയം നിരസിക്കല്‍. ‘പ്രണയിച്ച’ പെണ്ണിന്റെ ശരീരത്തില്‍ കത്തികൊണ്ടുള്ള 22 മുറിവുകളാണ് വിനീഷ് വീഴ്ത്തിയത്.
2019 ഒക്ടോബറിലാണ് കൊച്ചി അത്താണിയില്‍ പ്ലസ്ടുക്കാരി ദേവികയെ മിഥുന്‍ എന്ന 26 വയസ്സുകാരന്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നത്. മിഥുനും ആത്മഹത്യ ചെയ്തു. കാരണം പ്രണയനൈരാശ്യമെന്ന് പോലീസ്.

ആലപ്പുഴയിലെ പോലീസുകാരിയായ സൗമ്യ പുഷ്പാകരനെ സഹപ്രവര്‍ത്തകനായ അജാസ് സമാനമായ രീതിയിലാണ് കൊലപ്പെടുത്തിയത്. മാവേലിക്കര വള്ളികുന്നം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഇരുവരും. വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അജാസ് തന്നെ മൊഴി നല്‍കി. വടിവാളുകൊണ്ടു വെട്ടിയതിന് ശേഷമാണ് സൗമ്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയത്. അജാസും ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇയാള്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. 2019 ജൂണിലായിരുന്നു ഈ ദാരുണസംഭവവും നടന്നത്.

തൃശ്ശൂരില്‍ അച്ഛനും അമ്മയും ഇല്ലാതെ മുത്തശ്ശിക്കൊപ്പം കഴിഞ്ഞിരുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥിനി നീതുവിനെ നിതീഷ് എന്ന യുവാവ് പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയതും 2019ലാണ്. പ്രണയത്തില്‍ സംശയം തോന്നിയതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കത്തികൊണ്ടുകുത്തി പരിക്കേല്‍പ്പിച്ചതിനു ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പ്രതിയെ പോലീസ് പിടികൂടി.

2019ല്‍ തന്നെയാണ് തിരുവല്ല സ്വദേശിനി കവിതയെ അജിന്‍ എന്ന യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചതിനു ശേഷം പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത്. റേഡിയോളജി കോഴ്സ് പഠിക്കുകയായിരുന്ന കവിതയെ കോളേജിലേക്ക് പോകുന്ന വഴിക്ക് നടുറോഡില്‍ വെച്ചാണ് അജിന്‍ ആക്രമിച്ചത്. പ്രണയം നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

2019 ജൂലൈയിലാണ് കടമ്മനിട്ടയില്‍ ശാരിക എന്ന പെണ്‍കുട്ടിയെ അകന്നബന്ധുകൂടിയായ സജില്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. പ്രണയത്തില്‍ നിന്ന് അകലുന്നുവോ എന്ന സംശയം കൊലയിലേക്ക് നയിച്ചെന്ന് പോലീസ്.
2017ല്‍ കോട്ടയത്തെ എസ്.എം.ഇ. കോളേജിലാണ് കേരള മനഃസാക്ഷിയെ ഞെട്ടിച്ച മറ്റൊരു സംഭവമുണ്ടായത്. ഹരിപ്പാട് സ്വദേശിയായ ലക്ഷ്മി (21) യുടെ ജീവനെടുത്തത് അതേ കോളേജിലെ സീനിയറായിരുന്ന ആദര്‍ശാണ്. പ്രണയത്തിലെ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പരീക്ഷയെഴുതാന്‍ കോളേജിലെത്തിയ ആദര്‍ശ് ലക്ഷ്മിയെ ബലമായി ചേര്‍ത്ത് നിര്‍ത്തി ഇരുവരുടെയും ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. രണ്ടും പേരും മരിച്ചു.

പ്രണയപ്പകയുടെ പുറത്ത് ഏറ്റവും അടുത്തുണ്ടായ ഏതാനും കൊലപാതക സംഭവങ്ങള്‍ മാത്രമാണിത്. മരണത്തില്‍ നിന്ന് തലനാരിഴയ്ക്ക് ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ നിരവധിയാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയേക്കാം എന്ന സാധ്യതയുമുണ്ട്.
പ്രണയനൈരാശ്യം, പ്രണയം നിരസിക്കല്‍, പ്രണയത്തിലെ സംശയങ്ങള്‍, പ്രണയപ്പക… എന്ത് പേരിട്ടുവിളിച്ചാലും നടന്നത് അരുംകൊലകളാണ്. തനിക്ക് പ്രണയം തോന്നുന്നയാള്‍ തന്നെയും പ്രണയിച്ചേ തീരൂ എന്ന വാശിയെ പൈശാചികമെന്നേ വിളിക്കാനാകൂ. ഒരുനിലയ്ക്കും ഇൗ കൊലപാതകങ്ങളെ
ന്യായീകരിക്കാനാവില്ല.

പ്രണയനഷ്ടവുമായി ചേര്‍ന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ് മിക്കതിന്റേയും തുടക്കം. പ്രണയം തിരികെ കിട്ടില്ലെന്ന ഭയം, നിലനിര്‍ത്താനാവില്ലെന്ന ആശങ്ക തുടങ്ങിയവയെല്ലാം പകയിലേക്ക് നീളുന്നു. പക വര്‍ധിക്കുമ്പോള്‍ തനിക്ക് കിട്ടാത്തത് മറ്റാര്‍ക്കും കിട്ടരുതെന്ന ചിന്ത ഉടലെടുക്കും. എല്ലാം അവസാനിപ്പിക്കാനാവും പിന്നീടുള്ള ചിന്ത. പലരും അക്രമങ്ങളിലേക്ക് നീങ്ങും.. കൊലപാതകത്തില്‍ ഒടുങ്ങും.

രണ്ടിലൊരാള്‍ക്ക് പ്രണയം തോന്നി എന്നതുകൊണ്ടോ ഒരിക്കല്‍ പ്രണയിച്ചിരുന്നു എന്നതുകൊണ്ടോ അപരന്റെ ഇഷ്ടത്തിന് വഴിപ്പെടണമെന്ന വാശി, തനിക്കല്ലെങ്കില്‍ മറ്റൊരാള്‍ക്കും വേണ്ട എന്ന നശീകരണ പ്രവണത ഒരിക്കലും പ്രണയത്തിന്റെ പേരില്‍ ന്യായീകരിക്കപ്പെടാന്‍ പാടില്ല. ഇരകളാക്കപ്പെടുന്നത് എപ്പോഴും പെണ്‍കുട്ടികളാണ്. എപ്പോഴാണ് നമ്മുടെ കുട്ടികള്‍ ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നത്? പ്രണയം അവസാനിക്കുമ്പോള്‍ മറ്റൊരാളുടെ ജീവനെടുക്കുന്ന തരത്തിലേക്ക് പക എത്തുന്നത് ഏത് ഘട്ടത്തിലാണ്? എങ്ങനൊണ് ഇതിന് തടയിടാനാവുക? ആരെയാണ് നമ്മളിനി പറഞ്ഞുമനസ്സിലാക്കേണ്ടത്?
ഒരു പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചാല്‍ അത് അംഗീകരിക്കാനുള്ള പാകത കൂടി ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്.

പ്രണയവും വിവാഹവും വേണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള എല്ലാ അധികാരവും പുരുഷനെന്ന പോലെ സ്ത്രീക്കുമുണ്ട്. അത് നിഷേധിക്കുന്നത് അവകാശ ലംഘനം തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.