ന്യൂജെന്‍ ബൈക്കില്‍ പറന്നു; സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഇട്ട യുവാവ് ഓപ്പറേഷന്‍ റാഷില്‍ കുടുങ്ങി

രാജി ഇ ആർ -

ആലപ്പുഴ>>> ന്യൂജെന്‍ ബൈക്കില്‍ മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ബൈക്കോടിച്ചതിന് യുവാവിനെ കണ്ടെത്തി പിഴ ചുമത്തതിയിരിക്കുകയാണ് മോട്ടര്‍ വാഹന വകുപ്പ്. രണ്ട് മാസം മുന്‍പ് ഇന്‍സ്റ്റാഗ്രാമില്‍ ഒരു വിഡിയോ പങ്കുവെച്ചതാണ് ചെങ്ങന്നൂര്‍ സ്വദേശി ജെസ്റ്റിന് വിനയായത്. ജെസ്റ്റിനെ കണ്ടെത്തി 9500 രൂപയാണ് മോട്ടര്‍ വാഹന വകുപ്പ് പിഴയീടാക്കിയത്.

അമിതവേഗതയില്‍ ഓടിക്കുന്നവരെ പിടികൂടാനായി നടപ്പാക്കിയ ഓപ്പറേഷന്‍ റാഷ് വഴിയാണ് ജെസ്റ്റിനെ കണ്ടെത്തി പിഴ ഈടാക്കിയത്. രണ്ട് മാസം മുന്‍പ് എംസി റോഡില്‍ മുളക്കുഴ-കാരക്കാട്ട് റൂട്ടില്‍ ഡ്യൂക്ക് 390 ബൈക്ക് 160 കിലോമീറ്റര്‍ വേഗതയിലാണ് ജെസ്റ്റിന്‍ ഓടിച്ചത്.

ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറ ഉപയോഗിച്ച് ഇത് ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട് ആള്‍ മോട്ടര്‍ വാഹന വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്.

എംവിഐ ദിലീപ് കുമാര്‍, എഎംവിഐ വിനീത്, അജീഷ്, ജിതിന്‍, ചന്തു എന്നിവരാണ് പരിശോധന നടത്തിയത്. നിരത്തുകളില്‍ ബൈക്ക് റേസിങ്, സ്റ്റണ്ടിങ് എന്നിവ നടത്തി ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പോസ്റ്റുചെയ്ത് വൈറലാകാന്‍ ശ്രമിക്കുന്നതാണ് ചിലരുടെ ഇഷ്ടവിനോദം. അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങളുടെ വിഡിയോയും അഭ്യാസ പ്രകടനങ്ങളുമാണ് ഇത്തരത്തിലുള്ള സമൂഹമാധ്യമ ഹാന്‍ഡിലുകളില്‍ പ്രധാനമായുള്ളത്.

അമിതവേഗത്തില്‍ പാഞ്ഞെത്തുന്ന ഇവര്‍ മറ്റ് വാഹനങ്ങള്‍ക്ക് മുന്‍പിലും യാത്രക്കാരുടെ മുന്‍പിലും അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് പലപ്പോഴും അപകടമുണ്ടാകുന്നത്.

സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വിഡിയോകളുടെ അടിസ്ഥാനത്തിലും പൊലീസും മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിക്കുന്നുണ്ട്. മത്സരയോട്ടം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ 112 ല്‍ വിളിച്ചറിയിക്കുക.