മാനസ കൊലപാതകം; പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

രാജി ഇ ആർ -

കോതമംഗലം>>> നെല്ലിക്കുഴിയിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥിനി മാനസയെ വെടിവച്ചു കൊന്ന കേസില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രഖിലിന് തോക്ക് നല്‍കിയ ബീഹാര്‍ സ്വദേശി സോനു കുമാര്‍ , ഇടനിലക്കാരനായ ബര്‍സാദ് സ്വദേശി മനീഷ് കുമാര്‍ വര്‍മ്മ എന്നിവരെയാണ് കോതമംഗലം കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്യും. നിലവില്‍ രാഖിലിന്റെ സുഹൃത്തുക്കളില്‍നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാകും ചോദ്യം ചെയ്യുക. അതേസമയം, രാഖില്‍ ഉപയോഗിച്ച തോക്ക് ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. തോക്കിലെ വിരലടയാളം രാഖിലിന്റേതു തന്നെയാണെന്ന് തെളിയിക്കാനുള്ള ‘ഹാന്‍ഡ് വാഷ്’ പരിശോധനയ്ക്കാണ് അയച്ചത്.


ജൂലൈ 30നാണ് എറണാകുളം കോതമംഗലത്ത് ഡെന്റല്‍ കോളജ് വിദ്യാര്‍ഥിനിയായ മാനസയെ രഖില്‍ വെടിവെച്ച് കൊന്നത്. മാനസയെ കൊലപ്പെടുത്തിയ ശേഷം രഖിലും ആത്മഹത്യ ചെയ്തു. ബംഗളൂരുവില്‍ എം.ബി.എ പഠിച്ച് ഇന്റീരിയര്‍ ഡിസൈനറായി ജോലിചെയ്യുകയായിരുന്നു രഖില്‍.