നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം ; നീതു കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍

-

കോട്ടയം >> കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ നീതു തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍. ഇന്നലെ കസ്റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകന്‍ ആണ്. ബാദുഷ വിവാഹ വാഗ്ദാനം നല്‍കി നീതുവിനെ വഞ്ചിച്ചു, മറ്റൊരു വിവാഹത്തിന് ശ്രമിച്ചു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്താന്‍ ആയിരുന്നു നീതുവിന്റെ ശ്രമം. നീതുവില്‍ നിന്ന് 30 ലക്ഷം രൂപയും സ്വര്‍ണ്ണവും ഇബ്രാഹിം വാങ്ങിയിരുന്നു. ഇത് തിരികെ വാങ്ങാന്‍ ആയിരുന്നു പദ്ധതി

ഇബ്രാഹിമില്‍ നിന്ന് നീതു ഗര്‍ഭം ധരിച്ചിരുന്നു. ഇത് അലസി പോയിരുന്നു . ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നത്. പിന്നീട് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു.

കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്.പി ഡി.ശില്‍പ വ്യക്തമാക്കിയിരുന്നു.പിന്നില്‍ മറ്റു റാക്കറ്റുകളോ ഒന്നും തന്നെയില്ല. തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.

ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. നഴ്‌സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരില്‍ കുഞ്ഞിനെ അമ്മയില്‍ നിന്നും വാങ്ങിക്കൊണ്ട് പോകുകയായിരുന്നു. കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാത്തത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ അല്‍പ്പ സമയത്തിനുള്ളില്‍ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാല്‍ കുഞ്ഞിനെ വാങ്ങിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →