കുണ്ടറ പീഡനം: പരാതിക്കാരിയുടെ പിതാവിനെ എന്‍.സി.പിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു

രാജി ഇ ആർ -

തിരുവനന്തപുരം>>>മന്ത്രി എകെ ശശിന്ദ്രന്റെ ഫോണ്‍ വിളി വിവാദത്തില്‍ നടപടിയുമായി എന്‍സിപി. സംസ്ഥാന ജനറല്‍ സെക്രട്ടറി മാത്യുസ് ജോര്‍ജ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആറ് പേരെയാണ് എന്‍സിപി സസ്‌പെന്‍ഡ് ചെയ്തത്.

പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവും സസ്‌പെന്‍ഡ് ചെയ്തവരില്‍ പെടുന്നു. പാര്‍ട്ടിയുടെ സല്‍പേര് കളഞ്ഞുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ പറഞ്ഞു.

എകെ ശശീന്ദ്രനും പാര്‍ട്ടി താക്കീത് നല്‍കി. പാര്‍ട്ടി നേതാവെന്ന നിലയില്‍ വിഷയത്തില്‍ ഇടപെട്ടതില്‍ തെറ്റില്ല. എന്നാല്‍ മന്ത്രിയെന്ന നിലയില്‍ ജാഗ്രത പാലിക്കണമെന്നാണ് ശശീന്ദ്രന് നല്‍കി താക്കീത്. പീഡന പരാതി അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍.

മന്ത്രി എ കെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിവാദത്തില്‍ പാര്‍ട്ടിതല ഗൂഢാലോചനയുണ്ടായെന്ന ആരോപണം ശരിവച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സംസ്ഥാന ഭാരവാഹി യോഗം അംഗീകരിച്ചിരുന്നു. എ. കെ ശശീന്ദ്രനെ കുടുക്കാന്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ ഗൂഢാലോചന നടത്തി എന്നാണ് കണ്ടെത്തല്‍. ഗൂഢാലോചനയുടെ കാരണം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണത്തിനും തീരുമാനമുണ്ട്.

പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ പ്രതികളായ എന്‍സിപി സംസ്ഥാന നിര്‍വാഹകസമിതി അംഗം പത്മാകരന്‍, ട്രേഡ് യൂണിയന്‍ നേതാവ് രാജീവ് എന്നിവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഇവര്‍ക്ക് പുറമേ കുണ്ടറ നിയോജക മണ്ഡലം പ്രസിഡന്റ് ബെനഡിക്റ്റ്, സംസ്ഥാന സമിതി അംഗം പ്രദീപ്, എന്‍സിപി മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിറ്റോ, എന്‍ വൈ സി കൊല്ലം ജില്ലാ പ്രസിഡന്റ് ബിജു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

മന്ത്രിയുടെ ഫോണ്‍ റെക്കോര്‍ഡ് ചെയ്തതും അതു പത്രമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതും ബെനഡിക്ട് ആണെന്ന് അന്വേഷണ സമിതി കണ്ടെത്തി. കൂടാതെ ബെനഡിക്ട് നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. സംസ്ഥാന സമിതി അംഗമായ പ്രദീപ് മന്ത്രിയുമായി അടുത്ത ബന്ധമുള്ളയാളാണ്.

ആ ബന്ധം ഉപയോഗിച്ച് മന്ത്രിയെ കൊണ്ട് ഫോണ്‍ ചെയ്യിപ്പിച്ചത് പ്രദീപിന്റെ ഗൂഢാലോചനയാണ് എന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തല്‍. മഹിളാ നേതാവ് ഹണി വിറ്റോ ഫോണ്‍ സന്ദേശം സാമൂഹ്യമാധ്യമങ്ങളുടെ പ്രചരിപ്പിച്ചു. യുവജന വിഭാഗം നേതാവ് ബിജുവിനെതിരേയും ഇതേ കുറ്റമാണ് എന്‍സിപി ആരോപിക്കുന്നത്.